ബാലന്‍ ഡി ഓര്‍ പുരസ്‌കാരം മെസിയെ മറി കടന്ന് റൊണാള്‍ഡോ നേടുമെന്ന് സൂചന

cristiano-ronaldo

പാരിസ്: ലോക ഫുട്‌ബോളിലെ പരമോന്നത ബഹുമതിയായ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടുമെന്ന് വിലയിരുത്തല്‍. ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ റൊണാള്‍ഡോ മറികടക്കുമെന്നാണ് സൂചന.

ക്ലബ് തലത്തില്‍ കൂടുതല്‍ ഗോള്‍ നേടിയത് ലയണല്‍ മെസിയാണെങ്കിലും വമ്പന്മാരുടെ പോരാട്ടങ്ങളില്‍ കൂടുതല്‍ മികച്ച് നിന്നത് റയല്‍ മാഡ്രിഡ് താരമാണ്. ബാഴ്‌സലോണക്കായി മെസി 48 ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡോക്ക് 37 തവണ മാത്രമേ വലകുലുക്കാനായുള്ളൂ. മെസി ഓരോ 97.1 മിനുറ്റിലും ഗോള്‍ കണ്ടെത്തിയപ്പോള്‍ റൊണാള്‍ഡോ ശരാശരി 103.35 മിനുറ്റുകളുടെ ഇടവേളയിലാണ് ഗോള്‍ നേടിയത്. എന്നാല്‍ ദേശീയ കുപ്പായത്തില്‍ റൊണാള്‍ഡോ 11 കളികളില്‍ നിന്ന് 11 ഗോളുകള്‍ നേടിയപ്പോള്‍ മെസിക്ക് എഴ് മത്സരങ്ങളില്‍ നാല് ഗോളുകള്‍ മാത്രമേ നേടാനായുള്ളൂ.

മെസിയുടെ താരപകിട്ട് ഉണ്ടായിട്ടും അര്‍ജന്റീനയക്ക് ലോകകപ്പ് പ്രവേശം എളുപ്പമായിരുന്നില്ല. ചാമ്പ്യന്‍സ് ഉള്‍പ്പെടെ മൂന്ന് ലീഗ് ഫൈനലുകളില്‍ റയലിനായി ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോയുടെ മാറ്റ് കൂട്ടുന്നു.

വിരമിക്കുന്നതിനു മുമ്പ് ഏഴു ബാലന്‍ ഡി ഓര്‍ അവാര്‍ഡ് നേടണമെന്ന് റൊണാള്‍ഡോ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുപ്പത്തിരണ്ടുകാരനായ താരം 15 വര്‍ഷത്തെ കരിയറില്‍ നിന്ന് നാല് ബാലന്‍ഡി ഓര്‍ അവാര്‍ഡുകളാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

Top