അല്‍ നസ്ര്‍ വിട്ട് വീണ്ടും യൂറോപ്പിലേക്കില്ലെന്ന് വ്യക്തമാക്കി റൊണാള്‍ഡോ

റിയാദ്: സീസണൊടുവില്‍ സൗദി ക്ലബ്ബായ അല്‍ നസ്ര്‍ വിട്ട് വീണ്ടും യൂറോപ്പിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. അല്‍ നസ്റില്‍ താന്‍ സംതൃപ്തനാണെന്നും സൗദി പ്രോ ലീഗിന്റെ അടുത്ത സീസണിലും ടീമീനൊപ്പം തുടരുമെന്നും റൊണാള്‍ഡോ പറഞ്ഞു.

സൗദി പ്രോ ലീഗ് മികച്ച നിലവാരം പുലര്‍ത്തുന്ന മത്സരക്ഷമതയുള്ള ഫുട്ബോള്‍ ലീഗാണ്. ഞങ്ങള്‍ക്ക് മികച്ച ടീമുണ്ടെങ്കിലും ഇനിയും വളരാന്‍ അവസരങ്ങള്‍ ഒരുപാടുണ്ട്. അറബ് താരങ്ങളും മികച്ചവരാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്. റഫറീയിംഗിന്റെ കാര്യത്തിലും ‘വാര്‍’ നടപ്പാക്കുന്നതിലുമെല്ലാം. അതൊന്ന് വേഗത്തിലാക്കിയാല്‍ നന്നായിരുന്നു. എന്റെ അഭിപ്രായത്തില്‍ കുറച്ച് കാര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തിയാല്‍ സൗദി പ്രോ ലീഗിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിലൊന്നാകാന്‍ കഴിയും.

ഞാനിവിടെ തികച്ചും സന്തോഷവനാണ്. ഇവിടെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ തുടരുകയും ചെയ്യും. എന്റെ കുടുബത്തിനും ഇവിടെ തുടരുന്നതില്‍ സന്തോഷമേയുള്ളുവെന്നും റൊണാള്‍ഡോ പറഞ്ഞു. ഫുട്ബോള്‍ ലോകകപ്പിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കി റൊണാള്‍ഡോ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് അല്‍ നസ്റിലെത്തിയത്.

സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനെ ചാമ്പ്യന്‍മാരാക്കാനായില്ലെങ്കിലും ടീമിനെ രണ്ടാം സ്ഥാനത്തെക്കിക്കാന്‍ റൊണാള്‍ഡോക്കായി. ഈ സീസണില്‍ അല്‍ നസ്റിനായി കളിച്ച 16 മത്സരങ്ങളില് 14 ഗോളുകള്‍ നേടി റൊണാള്‍ഡോ തിളങ്ങുകയും ചെയ്തിരുന്നു. ലീഗിലെ അവസാന മത്സരത്തിന് മുമ്പ് നേരിയ പരിക്കേറ്റ റൊണാള്‍ഡോ അല്‍ നസ്റിന്റെ അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ല. യൂറോ കപ്പ് യോഗ്യതക്കായി പോര്‍ച്ചുഗല്‍, ബോസ്നിയ-ഹെര്‍സെഗോ‌വ്നിയക്കെതിരെയും ഐസ്‌ലന്‍ഡിനെതിരിയും പോര്‍ച്ചുഗലിന് ജൂണില്‍ മത്സരമുണ്ട്. ഇതിന് മുന്നോടിയായാണ് റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയത്.

Top