മഡ്രിഡ്: ലോകത്തിലെ ഒന്നാം നമ്പര്‍ കളിക്കാരന് ബാഴ്സലോണ നായകന് ലയണല്‍ മെസ്സിയാണെന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസരിയോ. നിലവിലെ ലോക ഫുട്ബാളര്‍മാരുടെ പട്ടിക തയാറാക്കിയപ്പോള്‍ ആദ്യ അഞ്ചില്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചതേയില്ല. ഒരു സ്പാനിഷ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണു ബ്രസീലിനെ രണ്ടുതവണ ലോക കിരീടത്തില്‍ മുത്തമിടാന്‍ സഹായിച്ച, രണ്ടുതവണ ബാലണ്‍ ഡി ഓര് ജേതാവുകൂടിയായ റൊണാള്‍ഡോ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ അവഗണിച്ചത്.
ഇനിയും രണ്ടോ മൂന്നോ പതിറ്റാണ്ടു കാത്തിരുന്നാലേ മെസ്സിയെ പോലൊരാള്‍ വരൂ എന്നാണ് റൊണാള്‍ഡോ അഭിപ്രായപ്പെട്ടത്.
‘മുഹമ്മദ് സലാ, ഏഡന്‍ ഹസാഡ്, നെയ്മര്‍, കിലിയന്‍ എംബപെ എന്നിവരുടെ കളിയും എനിക്കിഷ്ടമാണ്. എംബപെയുടെയും എന്റെയും കളികള്‍ ചിലര്‍ താരതമ്യം ചെയ്യാറുണ്ട്. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത കാലഘട്ടങ്ങളിലുള്ളവര് ആയതിനാല്‍ അത്തരം താരതമ്യങ്ങളോട് എനിക്കു യോജിപ്പില്ല’ നാല്പത്തിമൂന്നുകാരനായ റൊണാള്‍ഡോ പറഞ്ഞു.
സ്പാനിഷ് ലാ ലിഗ ക്ലബ് റയല്‍ വയ്യദോലിദിന്റെ ഓഹരിയുടമയും പ്രസിഡന്റുമായ റൊണാള്‍ഡോ, ലോകത്തെ ഏറ്റവും മികച്ച ലീഗും മികച്ച കളിക്കാരും സ്പെയിനിലാണുള്ളതെന്നും അഭിപ്രായപ്പെട്ടു.കാണികള്‍ കൂടുതല്‍ പ്രീമിയര്‍ ലീഗിലാണെങ്കിലും താരബാഹുല്യംകൊണ്ട് ലാ ലിഗ മുന്നിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.