റോണാൾഡോയും മെസിയും ഇന്ന് നേര്‍ക്കുനേര്‍; മത്സരം കാണാനുള്ള വഴികള്‍

റിയാദ്: ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന ഇതിഹാസങ്ങളുടെ പോരാട്ടമാണിന്ന്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും മുഖാമുഖം വരുന്ന ക്ലാസിക് പോരാട്ടം. ചാരിറ്റി മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ മെസിയുടെ പിഎസ്‌ജിയും റൊണാള്‍ഡോ നയിക്കുന്ന സൗദി ഓള്‍-സ്റ്റാര്‍ ഇലവനും ഏറ്റുമുട്ടും. സൗദി അറേബ്യയുടെ അഭിമാനപ്പോരാട്ടത്തില്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ടീമിന്റെ നായകനായാണ് റോണാള്‍ഡോ കളത്തിലെത്തുക. അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസ്‌ര്‍ ക്ലബിലേക്ക് റോണോ ചേക്കേറിയിരുന്നു.

ചാരിറ്റി മത്സരമെങ്കിലും സമകാലിക ഫുട്ബോളിലെ രണ്ട് കാളക്കൂറ്റന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി ആരാധകര്‍ കണ്ണുകൂര്‍പ്പിച്ച് ഇരിക്കുകയാണ്. മത്സരം ഇന്ത്യയില്‍ പിഎസ്‌ജിയുടെ ഔദ്യോഗിക യൂട്യൂബ്, ഫേസ്‌ബുക്ക്, വെബ്‌സൈറ്റ് എന്നിവ വഴി തല്‍സമയം സ്‌ട്രീമിംഗ് ചെയ്യും. ബീന്‍ സ്‌പോര്‍ട്‌സിലൂടെയും(BeIN Sports) മത്സരം നേരില്‍ കാണാം. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക്(സൗദി സമയം രാത്രി 8 മണി) ആണ് മെസി-റൊണാള്‍ഡോ പോരാട്ടത്തിന് കിക്കോഫാവുക.

1700 കോടിയിലേറെ രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍ നസ്‌റിലെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായാണ് സൗദി അറേബ്യയില്‍ കളിക്കാനിറങ്ങുന്നത്. ഔദ്യോഗികമായി 22നാണ് അല്‍ നസ്‌റിനായി റോണോ അരങ്ങേറ്റം കുറിക്കുക. അതിന് മുമ്പ് സഹതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് മുന്നില്‍ പന്ത് തട്ടാനുള്ള അവസരമാണ് സിആര്‍7ന് ഇന്ന്. ഫ്രഞ്ച് ലീഗില്‍ റെന്നസിനോട് തോറ്റാണ് പിഎസ്‌ജിയുടെ വമ്പന്‍ താരനിര റിയാദിലെത്തിയിരിക്കുന്നത്. നെയ്‌മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ, സെര്‍ജിയോ റാമോസ്, മാര്‍ക്വീഞ്ഞോസ് തുടങ്ങി പിഎസ്‌ജിയുടെ മിന്നും താരങ്ങളെല്ലാം ലിയോണല്‍ മെസിക്കൊപ്പം റിയാദില്‍ എത്തിയിട്ടുണ്ട്.

Top