പ്രവീണിന്റെ ‘വെളേളപ്പ’ത്തില്‍ റോമ; വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങി താരം

നോട്ട്ബുക്ക്, ജൂലൈ 4, ചോക്ക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, ട്രാഫിക്…എന്നിങ്ങനെയുള്ള ചിത്രത്തിലൂടെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന താരമാണ് റോമ. മലയാളസിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു റോമ പെട്ടെന്ന് സിനിമയില്‍ നിന്നും വിട്ട് നിന്നത്. അവസാനമായി 2017ല്‍ പുറത്തിറങ്ങിയ ‘സത്യ’ എന്ന മലയാള ചിത്രത്തിനുശേഷം താരം വീണ്ടും തിരിച്ചുവരികയാണ്.

നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ‘വെളേളപ്പം’ എന്ന ചിത്രത്തിലൂടെയാണ് റോമ മലയാളസിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായ ചിത്രം ജിന്‍സ് തോമസ്, ദ്വാരക് ഉദയ് ശങ്കര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാര്‍ ലൗവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ അക്ഷയ്യുടെ സഹോദരിയുടെ വേഷത്തിലാണ് റോമ എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്. ഷിഹാബ് ഒങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീത സംവിധാനം ലീല ഗിരീഷ് കുട്ടന്‍.

Top