ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തി ‘രോമാഞ്ചം’

റിലീസിനു മുന്‍പ് വലിയ പ്രേക്ഷകശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തുന്ന ചില സിനിമകളുടെ ജാതകം ആദ്യ ഷോയ്ക്ക് ശേഷം മാറിമറിയാറുണ്ട്. അവയില്‍ ചിലത് വലിയ തോതില്‍ മൌത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസ് കണക്കുകളില്‍ അത്ഭുതപ്പെടുത്താറുണ്ട്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ആ നിരയിലേക്ക് നീങ്ങിനില്‍ക്കുകയാണ് നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം.

ഫെബ്രുവരി 3 ന് കേരളത്തിലെ 146 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. നൂണ്‍ ഷോകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വന്‍ അഭിപ്രായം പുറത്തെത്തിയതോടെ പോയ വാരാന്ത്യത്തില്‍ മികച്ച നേട്ടമുണ്ടാക്കി ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 4.35 കോടിയാണെന്നും ഇന്നത്തെ കളക്ഷന്‍ കൂടി ചേര്‍ത്താല്‍ ചിത്രം 5 കോടി കടക്കുമെന്നുമാണ് വിവിധ ട്രാക്കര്‍മാരുടെ കണക്ക്. പല മള്‍ട്ടിപ്ലെക്സുകളിളും ചെറിയ സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാന്റ് വര്‍ധിച്ചതോടെ വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ആദ്യ ഹിറ്റ് ആയിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ കനകരാജ് വിലയിരുത്തുന്നു.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്.

Top