റോള്‍സ് റോയ്‌സിന്റെ രാജകീയ കാര്‍ ഫാന്റം 8 അനാവരണം ചെയ്തു

ലണ്ടന്‍ : ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ പുതിയ കാര്‍ ഫാന്റം 8 അവതരിപ്പിച്ചു.

റോള്‍സ് റോയ്‌സിന്റെ എക്കാലത്തെയും ഏറ്റവും വലുതും, മഹത്തായതുമാണ് ഫാന്റം 8 കാര്‍.

എല്‍വിസും എലിസബത്ത് 2 രാജ്ഞിയും 50 സെന്റും അസംഖ്യം വ്യവസായ പ്രമുഖരും പ്രഭുക്കന്‍മാരും ഉപയോഗിച്ച കാറിന്റെ പുതിയ അവതാരമാണ് റോള്‍സ് റോയ്‌സ് അനാവരണം ചെയ്തിരിക്കുന്നത്. പരിഷ്‌കരിച്ച സലൂണിന് 3,75,000 യൂറോയാണ് (4,40,000 ഡോളര്‍) വില.

ലണ്ടനില്‍ പൊതുജനങ്ങള്‍ക്ക് മുമ്പാകെയാണ് 2018 റോള്‍സ് റോയ്‌സ് ഫാന്റം അനാവരണം ചെയ്തത്. 1925 ല്‍ റോള്‍സ് ആദ്യം അവതരിപ്പിച്ച ഫല്‍ഗ്ഷിപ്പ് സ്റ്റേറ്റ് കാറിന്റെ സെക്കന്‍ഡ് മോഡേണ്‍ വേര്‍ഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആധുനികവും രാജകീയ പ്രൗഢിയിലുമാണ് ഫാന്റം 8 വരുന്നത്. പുതിയ സൂപ്പര്‍ക്ലീന്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഗ്രില്ല് മുന്‍ തലമുറകളേക്കാള്‍ ഉയര്‍ത്തിയിരിക്കുന്നു.

ഫ്രണ്ട് എന്‍ഡിന്റെ നീളം കുറഞ്ഞപ്പോള്‍ ബാക്ക് എന്‍ഡിന് മുമ്പത്തേക്കാള്‍ നീളം കൂട്ടി. ബിഎംഡബ്ല്യുവിന് കീഴില്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ മാത്രം ഫാന്റമാണ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. ഡ്രൈവിംഗ് സിസ്റ്റവും എന്റര്‍ടെയ്ന്‍മെന്റ് കണ്‍ട്രോളുകളും ബ്രാന്‍ഡിന്റെ മറ്റ് വാഹനങ്ങളുടേതിന് സമാനമാണ്.

ഫാന്റം 8 ന്റെ നിശ്ശബ്ദത വലിയ സവിശേഷതയാണ്. മണിക്കൂറില്‍ 60 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍ ഫാന്റത്തേക്കാള്‍ 10 ശതമാനം ശബ്ദം പിന്നെയും കുറവാണ്.

പുതിയ എന്‍ജിനാണ് ഫാന്റം 8 ന് റോള്‍സ് റോയ്‌സ് നല്‍കിയിരിക്കുന്നത്. 6.75 ലിറ്റര്‍ വി12 ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 563 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കുന്നതിന് 5.3 സെക്കന്‍ഡ് മതി.

മാത്രമല്ല, അടുത്ത ദശാബ്ദത്തില്‍ റോള്‍സ് റോയ്‌സ് ഇലക്ട്രിക് ആയി മാറുമെന്ന് ചീഫ് ടോര്‍സ്റ്റന്‍ മ്യൂളര്‍ ഒട്‌വോസ് പറഞ്ഞു.

Top