പുതിയ ഇലക്ട്രിക് മോഡലുമായി റോള്‍സ് റോയ്സ് ‘സ്പെക്ട്ര’

അത്യാഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസ് ഇലക്ട്രിക് കാര്‍ പുറത്തിറക്കി. ആഡംബര്‍ കാര്‍ രംഗത്തെ പുതിയ ചുവട് വയ്പായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. സ്പെക്ട്രെ എന്നാണ് റോള്‍സ് റോയിസിന്റെ ഇലക്ട്രിക് മോഡലിന്റെ പേര്. ചൊവ്വാഴ്ചയാണ് ഇലക്ട്രിക് റോള്‍സ് റോയിസിനെ കമ്പനി അവതരിപ്പിച്ചത്. പ്രവചനം പൂര്‍ണമായി എന്നാണ് സ്പെക്ട്രയെ അവതരിപ്പിച്ച് റോള്‍സ് റോയിസ് വിശദമാക്കുന്നത്. ആവശ്യത്തിന് ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ടെങ്കില്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നവയാണ് ഇലക്ട്രിക് കാറുകള്‍.

ഇലക്ട്രിക് മോഡലാണെങ്കിലും സാധാരണ റോള്‍സ് റോയിസിന്റെ അതേ നിലവാരത്തിലാണ് സ്പെക്ട്ര എത്തുന്നത്. 2013ല്‍ പുറത്തിറക്കിയ റോള്‍സ് റോയിസ് റെയ്ത്തിന്റെ അതേ മാതൃകയാണ് സ്പെക്ട്രയുടേത്. ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവികളാണ് റോള്‍സ് റോയിസിന്റേത് . 520 കിലോമീറ്ററാണ് സ്പെക്ട്ര വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 900 എന്‍എ ടോര്‍ക്ക് നല്‍കുന്ന വാഹനം പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലക്ക് എത്താനായി 4.5 സെക്കന്റുകള്‍ മാത്രമാണ് എടുക്കുക. വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ എല്ലാ ഗുണങ്ങളോടും കൂടിയതാണ് സ്പെക്ട്രയെന്ന് റോള്‍സ് റോയിഡ് ചീഫ് എക്സുക്യൂട്ടീവ് ടോര്‍സ്റ്റെന്‍ മുള്ളര്‍ വിശദമാക്കുന്നത്. 2030ആവുമ്പോഴേയ്ക്കും പൂർണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ് റോള്‍സ് റോയിസുള്ളത്.

എന്നാല്‍ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് റോള്‍സ് റോയിസ് വിതരണം ചെയ്യുമെന്നാണ് സൂചന. കള്ളിനൻ എസ്‌യുവി, ഗോസ്റ്റ് സലൂൺ, ഫാന്റം ലിമോസിൻ എന്നിവയുടെ ഇനി വരുന്ന മോഡലുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്ന് ഫെബ്രുവരിയില്‍ റോള്‍സ് റോയിസ് പ്രഖ്യാപിച്ചിരുന്നു. റോൾസ് റോയ്‌സ് അതിന്റെ 117 വർഷത്തെ ചരിത്രത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2021ൽ കൂടുതൽ കാറുകൾ വിറ്റഴിച്ചുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇലക്ട്രിക് കാറുകള്‍ സംബന്ധിച്ച നിര്‍ണായക മാറ്റത്തേക്കുറിച്ച് ഫെബ്രുവരിയില്‍ പ്രഖ്യാപനം നടന്നത്. നിലവില്‍ റോൾസ് റോയ്‌സിന്റെ അഞ്ച് മോഡലുകളും ഇന്ത്യയില്‍ വിൽപ്പനയ്‌ക്കുണ്ട് – വ്രെയ്ത്ത്, ഡോൺ, ഗോസ്റ്റ്, കള്ളിനൻ, ഫാന്റം എന്നിവയാണ് അവ.

Top