ആഢംബര മൂര്‍ത്തികളായ റോള്‍സ് റോയ്‌സില്‍ നിന്നും ബ്ലാക് ബാഡ്ജ് ഡോണ്‍

കാര്‍ നിര്‍മാതാക്കളില്‍ ആഢംബര മൂര്‍ത്തികളായ റോള്‍സ് റോയ്‌സ് തങ്ങളുടെ പുതിയ കരുത്തുറ്റ കാറുമായി വിപണിയില്‍ എത്തുന്നു.

ഗോസ്റ്റിനും റെയ്ത്തിനും പിന്നാലെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡിംഗായ ബ്ലാക് ബാഡ്ജിന് കീഴില്‍ ഒരുങ്ങിയ റോള്‍സ് റോയ്‌സ് ഡോണാണ് യുവജനങ്ങളുടെ മനസ് കീഴടക്കാന്‍ എത്തുന്നത്.

പ്രൗഢ ഗംഭീരമായ റോള്‍സ് റോയ്‌സ് ഇമേജില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന സ്‌പോര്‍ടി ലുക്കാണ് ബ്ലാക് ബാഡ്ജ് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന റോള്‍സ് റോയസ് കാറുകള്‍ക്കുള്ളത്.

അത്തരത്തില്‍ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങളോടെയാണ് ബ്ലാക് ബാഡ്ജ് ഡൊണും എത്തുന്നത്. റോള്‍സ് റോയ്‌സ് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ബ്ലാക് കളറാണ് എക്സ്റ്റീരിയറിന് ലഭിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.

ഫ്രണ്ട് ഗ്രില്‍, ബൂട്ട് ലിഡ് ഫിനിഷര്‍, എക്‌സ്‌ഹോസ്റ്റ് പൈപ് എന്നിവയും ബ്ലാക് ക്രോമില്‍ ഒരുങ്ങുന്നു. സാധാരണ റോള്‍സ് റോയ്‌സ് ഡൊണുകളില്‍ ഇവയൊക്കെ സില്‍വര്‍ ക്രോമിലാണ് ഇടംപിടിക്കുന്നത്.

റോള്‍സ് റോയ്‌സിന്റെ പ്രൗഢി വിളിച്ചോതുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസി പോലും ബ്ലാക് ക്രോമിലാണ് ഇടംപിടിച്ചിരിക്കുന്നതും. എക്സ്റ്റീരിയറില്‍ സ്വീകരിച്ച ബ്ലാക് തീം, ഇന്റീരിയറിലും റോള്‍സ് റോയ്‌സ് പിന്തുടരുന്നു.

ബ്ലാക് ലെതര്‍, മാന്‍ഡരിന്‍ ഓറഞ്ച് ഹൈലൈറ്റുകള്‍ക്ക് ഒപ്പമാണ് സീറ്റുകള്‍ ഒരുങ്ങിയിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം ത്രെഡില്‍ തുന്നിയ കാര്‍ബണ്‍ ഫൈബര്‍ കോട്ടിംഗും, തുടര്‍ന്ന് ലഭിച്ച ഹാന്‍ഡ് പോളിംഷിംഗും ഇന്റീരിയറിന്റെ പ്രൗഢ ഗാംഭീര്യത വെളിപ്പെടുത്തുന്നു.

കാഴ്ചയില്‍ മാത്രമല്ല, മെക്കാനിക്കല്‍ ഫീച്ചറുകളിലും ബ്ലാക് ബാഡ്ജ് ഡൊണ്‍ വേറിട്ട് നില്‍ക്കുന്നു.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.അതേസമയം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബ്ലാക് ബാഡ്ജ് ഡൊണിന് വേണ്ടത് കേവലം 4.9 സെക്കന്‍ഡുകളാണ്.

ബ്ലാക് ബാഡ്ജ് ഡൊണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ റോള്‍സ് റോയ്‌സ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

Top