Roja in andra aumbly

ഹൈദരാബാദ്: സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തുള്ള ഉത്തരവുമായി വന്നിട്ടും എം.എല്‍.എയും നടിയുമായ ആര്‍.കെ. റോജയെ ആന്ധ്രപ്രദേശ് നിയമസഭയില്‍ പ്രവേശിപ്പിച്ചില്ല. ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയാണ് നടി രംഗത്തുവന്നതെങ്കിലും അകത്തേക്ക് കടത്തിവിടരുതെന്ന സ്പീക്കറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞു.

നിയമസഭയിലേക്ക് അഭിഭാഷകനൊപ്പമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ റോജ എത്തിച്ചേര്‍ന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പും ഒപ്പം കൊണ്ടുവന്നിരുന്നു. പ്രവേശനം നിഷേധിച്ചപ്പോള്‍ സുരക്ഷാഉദ്യോഗസ്ഥരുമായി അവര്‍ വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ ധര്‍ണയും നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Top