2023 ലോകകപ്പില്‍ രോഹിത്തിന് ഏകദിന റാങ്കിങ്ങില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 2023 ലോകകപ്പിലെ പ്രകടനത്തിന്റെ മികവില്‍ രോഹിത് ആദ്യ പത്തിലിടം നേടി.

ടെസ്റ്റിലും രോഹിത് ആദ്യ പത്തിലുണ്ട്. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം റാങ്കിലേക്ക് വീണു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരത്തെ ജോഷ് ഹെയ്സല്‍വുഡ് മറികടന്നു. ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് എട്ടാം റാങ്കിലുണ്ട്. ജസ്പ്രീത് ബുംറ 14-ാം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ പത്തിലുള്ളത്. താരം ഒന്‍പതാം റാങ്കിലാണ്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനാണ് പട്ടികയില്‍ ഒന്നാമത്.

അഞ്ചുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് ആറാം റാങ്കിലെത്തി. അഫ്ഗാനിസ്താനെതിരേ 131 റണ്‍സെടുത്ത രോഹിത് പാകിസ്താനെതിരേ 63 പന്തില്‍ 86 റണ്‍സ് നേടിയിരുന്നു. ഈ രണ്ട് ഇന്നിങ്സുകളുമാണ് താരത്തിനെ തുണച്ചത്. ആദ്യ പത്തില്‍ രോഹിത്തിനെ കൂടാതെ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലുമുണ്ട്. ഗില്‍ രണ്ടാം റാങ്കിലും കോലി എട്ടാം റാങ്കിലും തുടരുന്നു. ലോകകപ്പിലെ മികച്ച പ്രകടനമികവില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തെത്തി. പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാം റാങ്കില്‍.

 

 

Top