ജീവിതവും മരണവും സമരമാക്കിയവന്‍; രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് മൂന്ന് വര്‍ഷം

കാള്‍സാഗനെപ്പോലെ ശാസ്ത്ര എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച് , ഒടുക്കം ആത്മഹത്യ കുറിപ്പ് മാത്രമാണ് തനിക്ക് എഴുതാന്‍ സാധിച്ചതെന്ന്‌ പറഞ്ഞ് രാജ്യത്തെയാകെ സങ്കടത്തിലാഴ്ത്തി കടന്നുപോയ ദളിത് ഗവേഷക വിദ്യാര്‍ത്ഥി… രോഹിത് വെമുല. സമൂഹവ്യവസ്ഥിതികളോട് കലഹിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മൂന്നാം ചരമവാര്‍ഷികമാണിന്ന്.

ആ ആത്മഹത്യാക്കുറിപ്പ് രോഹിത് വെമുലയ്ക്ക് തന്നെക്കുറിച്ച് മാത്രം പറയാനുള്ളതായിരുന്നില്ല. ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലെയും ദളിത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളെയാണ് ആ കുറിപ്പ് ചൂണ്ടിക്കാണിച്ചത്. കാലങ്ങളായി സര്‍വകലാശാലയില്‍ നിലനിന്ന് വരുന്ന ദളിത് വിവേചനത്തോട് പൊരുതി ഒടുക്കം ഒരു സമരമാര്‍ഗമെന്ന നിലയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു രോഹിത് വെമുല.

2016 ജനുവരി 17നാണ് സുഹൃത്തിന്റെ മുറിയില്‍ എഎസ്എ ബാനര്‍ ഉപയോഗിച്ച് വെമുല തൂങ്ങിമരിച്ചത്. രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ ഭരണസമിതി രോഹിത് ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. പിന്നീട് സര്‍വകലാശാല വിസി അപ്പറാവു രോഹിതിന്റെ ജെആര്‍എഫ് തുക നിര്‍ത്തലാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നായിരുന്നു രോഹിതിന്റെ ആത്മഹത്യ. സര്‍വകലാശാല വിസി അപ്പറാവു, കേന്ദ്രമന്ത്രിമരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ എന്നിവരുടെ നേരെയാണ് രോഹിതിന്റെ ആത്മഹത്യ വിരല്‍ ചൂണ്ടിയത്.

രോഹിത് ദളിതന്‍ അല്ലെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നതായി ആരോപണമുയര്‍ന്നിരുന്നു. രോഹിത് ദളിതനാണെന്ന് തെളിവില്ലെന്ന് എന്‍കെ രൂപന്‍വാല കമ്മീഷനും വിധിച്ചു. രോഹിതിന്റെ മരണം ദളിത് പീഡനമല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് രോഹിതിന്റെ കുടുംബം ആരോപിക്കുന്നു. രോഹിത് വിട പറഞ്ഞ് മൂന്നു വര്‍ഷമായിട്ടും വിസി അപ്പറാവുവിനെതിരെ അന്വേഷണം നടന്നിട്ടില്ലെന്നും രോഹിതിന്റെ സഹോദരന്‍ രാജ വെമുല ആരോപിക്കുന്നു.

മൂന്നാം ചമരവാര്‍ഷികദിനം ആചരിക്കാനിരിക്കെയാണ് രോഹിത് വെമുലയുടെ സ്മരണാര്‍ത്ഥം നിലനിര്‍ത്തിയ ദളിത് വിദ്യാര്‍ത്ഥി സമര സ്മാരകം ‘വെള്ളിവാട’ ഹൈദരബാദ് സര്‍വ്വകലാശാല അധികൃതര്‍ നീക്കിയത്. ദളിതരെ അടിച്ചമര്‍ത്താനുള്ള വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ അജണ്ടയുടെ ഭാഗമാണ് ഈ നടപടിയെന്നാണ് എഎസ്എ ആരോപിച്ചത്.

രോഹിത് വെമുല ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയപ്പോള്‍ സര്‍വ്വകലാശാലയിലെ ഷോപ്പിങ് ക്ലോംപ്ലക്സിന് അരികില്‍ ‘വെള്ളിവാട’ എന്ന പേരില്‍ ഷീറ്റ്കൊണ്ട് മറച്ച ഈ സമരപന്തലിലാണ് അവര്‍ താമസിച്ചിരുന്നത്. വെമുലയുടെ മരണശേഷവും പ്രതിഷേധത്തിന്റെ അടയാളമായി വെള്ളിവാട നിലകൊണ്ടു. പിന്നെയും നീതിക്കായുള്ള ഉറച്ചശബ്ദങ്ങള്‍ വെള്ളിവാടയില്‍ നിന്ന് ഉയര്‍ന്നുകൊണ്ടേയിരുന്നു. ആ ശബ്ദങ്ങളെയും സമരപോരാട്ടങ്ങളെയും ഭയപ്പെടുന്ന ആരൊക്കെയോ ചേര്‍ന്നാണ് വെള്ളിവാട പൊളിച്ചു നീക്കിയതെന്ന് നിസംശയം പറയാം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നീട് നടന്ന ക്രിയാത്മകമായ മാറ്റത്തെ അടയാളപ്പെടുത്തുന്നത് കൂടിയായിരുന്നു രോഹിതിന്റെ മരണം. രാജ്യത്തെ എല്ലാ സര്‍വകലാശാലയിലെയും ദളിത് ന്യൂനപക്ഷ വിഭാഗക്കാരോട് വച്ച് പുലര്‍ത്തുന്ന വിവേചനങ്ങള്‍ക്കെതിരെയുള്ള സമരമുറകള്‍ പിന്നീട് ശക്തിയാര്‍ജ്ജിച്ചു.

‘എന്റെ ശവസംസ്‌കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്.ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക.’ വെറും ശൂന്യത മാത്രമാണ് ആകെയുള്ളത് എന്ന് ആത്മഹത്യകുറിപ്പിലെഴുതിയ രോഹിത് വെമൂല , പക്ഷേ വെറും ശൂന്യത മാത്രം അവശേഷിപ്പിച്ചല്ല പോയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്ന ജാതി വിവേചനത്തിന് എതിരെയുള്ള പോരാട്ടമായി അവന്റെ മരണം. ആത്മഹത്യയിലൂടെ അവന്‍ ഭീരുവോ സ്വാര്‍ഥനോ അല്ല പോരാളി ആവുകയാണ് ചെയ്തത്. അവനെപ്പോലെ അവഗണന അനുഭവിക്കുന്ന എത്രയോ വിദ്യാര്‍ഥികള്‍ക്ക് പോരാടാനുള്ള പ്രചോദനമായി. തിരസ്‌കരിക്കപ്പെട്ടവരുടെ ലോകത്തേക്ക് ഒതുങ്ങാതെ മരണം കൊണ്ട് ജാതീയതയെ ചോദ്യം ചെയ്യാനുള്ള ശക്തിയായി മാറാന്‍ രോഹിതിന് കഴിഞ്ഞു. ഭരണകൂട ഫാസിസത്തിനും ദളിത് പീഡനത്തിനും എതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് നാന്ദിയാവാനും അവന് സാധിച്ചു.

ജീവിതം പോലെ തന്നെ മരണവും സമരമാക്കിയ രോഹിത് വെമുലയുടെ ഓര്‍മ്മകള്‍ക്ക് മൂന്നാണ്ട് തികയുമ്പോള്‍ അവന്‍ ബാക്കിവച്ചുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും രാജ്യമെമ്പാടുമുള്ള ദളിത് വിദ്യാര്‍ഥികളിലൂടെ സാക്ഷാത്കരിക്കാനുള്ള സജീവപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അവന്റെ കുടുംബവും സുഹൃത്തുക്കളും.

റിപ്പോര്‍ട്ട് : വിദ്യ വിജയകുമാര്‍

Top