ഹൈദരാബാദ്: സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് അതിജീവന പാതയില്‍ വഴിവിളക്ക് തെളിയിച്ച ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തോട് മുഖംതിരിച്ച് കേരളത്തില്‍ നിന്നുള്ള ദളിത് എം.പിമാര്‍.
ആറ് തവണ പാര്‍ലമെന്റ് അംഗമായി ‘തിളങ്ങിയ’ കൊടിക്കുന്നില്‍ സുരേഷും രണ്ടാം തവണ തിളക്കമാര്‍ന്ന വിജയം നേടിയ പി.കെ ബിജു എം.പിയുമാണ് രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്താതിരിക്കുന്നത്. ഇരുവരും കേരളത്തിലെ സംവരണ മണ്ഡലത്തില്‍ നിന്നുള്ള എം.പി മാരാണ്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.കെ ബിജുവിന്റെ സഹപ്രവര്‍ത്തക കൂടിയായ ടി.എന്‍ സീമ എം.പിയും കൊടിക്കുന്നില്‍ സുരേഷിന്റെ സഹപ്രവര്‍ത്തകയായ മുന്‍ എഐസിസി സെക്രട്ടറി കൂടിയായ ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടും ദളിത് ക്വാട്ടയില്‍ എം.പിമാരായവര്‍ ഈ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്.
ജാതി വിവേചനത്തിനിരയായ രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരായ വി.സി അടക്കമുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാത്ത പി.കെ ബിജുവിന്റെയും കൊടിക്കുന്നില്‍ സുരേഷിന്റെയും നിലപാടില്‍ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
3500 കുട്ടികള്‍ പഠിക്കുന്ന ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അഞ്ഞൂറിലധികം പേരും മലയാളികളാണ്.
എസ്എഫ്‌ഐ, എന്‍എസ്‌യു, (ഐ) എബിവിപി, എംഎസ്എഫ്,എസ്‌ഐഒ തുടങ്ങിയ സംഘടനകള്‍ക്ക് പുറമെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും (എഎസ്എ)യും മറ്റ് ദളിത് സംഘടനകളും ക്യാംപസില്‍ സജീവമാണ്.
എല്ലാ സംഘടനകളുടെയും മുന്‍നിരയില്‍ നേതൃത്വം കൊടുക്കുന്നത് മലയാളികളാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
രോഹിത്തിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയില്‍ മലയാളികളായ പ്രേംകുമാര്‍, റമീസ് വേളം എന്നിവര്‍ അംഗങ്ങളാണ്. എസ്എഫ്‌ഐ സെക്രട്ടറി ജിനാസ് നാസര്‍, എഎസ്എ കണ്‍വീനര്‍ അയ്യൂബ്, സെക്രട്ടറി കാവ്യശ്രീ എന്നിവരും സജീവമാണ്. നാല് ദിവസമായി നിരാഹാര സമരം നടത്തിയ വൈഖരി ആര്യാട്ട്, കെ.പി മനോജന്‍ എന്നിവരും മലയാളികളാണ്.
എസ്എഫ്‌ഐക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ബിജു വരാതിരുന്നതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ട്.
മറ്റെന്ത് തിരക്കുണ്ടായാല്‍ പോലും ഒരു ദിവസം അതെല്ലാം മാറ്റിവച്ച് ബിജുവിനും കൊടിക്കുന്നില്‍ സുരേഷിനും സമരപ്പന്തലില്‍ വരാമായിരുന്നുവെന്നാണ് മലയാളി വിദ്യാര്‍ത്ഥികളുടെ പ്രതികരണം.
ടി.എന്‍ സീമ എം.പിയും ഷാനിമോള്‍ ഉസ്മാനും സര്‍വ്വകലാശാലയിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് സന്തോഷകരമാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുടെയും എം.പിമാരുടെയും വന്‍ പട തന്നെയും ഹൈദരാബാദിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു.


