യുവതിയുമായി വഴിവിട്ട ബന്ധമെന്ന് സംശയം; രോഹിത് തിവാരിയുടെ കൊലപാതകത്തിന്റെ കാരണം പുറത്ത്

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി ഭാര്യ അപൂര്‍വ. ബന്ധുവായ യുവതിയുമായി രോഹിതിന് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് രോഹിതിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ പൊലീസിനോട് പറഞ്ഞു.

ഏപ്രില്‍ പതിനാറിനായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് കൊല്ലപ്പെട്ടത്.മരണത്തിന് തൊട്ടു മുമ്പുള്ള ദിവസം രോഹിത് അമ്മ ഉജ്ജ്വലയ്ക്കും ബന്ധുവിനും അയാളുടെ ഭാര്യയോടുംഒപ്പം ഉത്തരാഖണ്ഡിലേക്ക് വോട്ട് ചെയ്യാന്‍ പോയി. ബന്ധുവിന്റെ ഭാര്യയും രോഹിതും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം അപൂര്‍വയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല.ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെ അപൂര്‍വയും ബന്ധുവായ സ്ത്രീയും കാറിലിരുന്നു മദ്യപിച്ചിരുന്നു. ഇടയ്‌ക്കെപ്പോഴൊ അപൂര്‍വ രോഹിതിനെ വീഡിയോ കോള്‍ ചെയ്തു. ഇതിനിടെ വളയുടെ കിലുക്കവും യുവതിയുടെ സാരിയുടെ തുമ്പും വീഡിയോകോളില്‍ അപൂര്‍വ കണ്ടു. ഇതോടെ ഇരുവരും ഒന്നിച്ചിരുന്നാണ് മദ്യപിച്ചെതെന്ന് അപൂര്‍വ ഉറപ്പിച്ചു.

രാത്രി വീട്ടില്‍ തിരിച്ചെത്തിയ രോഹിതുമായി അപൂര്‍വ ഇതേ ചൊല്ലിവഴക്കിട്ടു. വഴക്കിനിടെ തങ്ങള്‍ ഒരേ ഗ്ലാസിലാണ് മദ്യപിച്ചതെന്ന് രോഹിത് പറഞ്ഞു. ഇതോടെ അപൂര്‍വയുടെ പക ഇരട്ടിയായി. ഉടനെ രോഹിതിനെ കിടക്കയിലേക്ക് തള്ളിയിട്ട ശേഷം തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയില്‍ ആയതിനാല്‍ രോഹിതിന് ചെറുക്കാനുമായില്ല.

പിറ്റേ ദിവസം ഉണരാതിരുന്നതിനെ തുടര്‍ന്ന് ജോലിക്കാരന്‍ വിളിക്കാനായി എത്തിയപ്പോഴാണ് മൂക്കില്‍ നിന്നും രക്തം വരുന്ന നിലയില്‍ രോഹിതിനെ കണ്ടെത്തിയത്. ഇതിനിടെ പല തവണ രോഹിതിന്റെ അമ്മ ഉജ്ജ്വല മകനെ കാണാനായി എത്തിയെങ്കിലും ഉറങ്ങുകയാണെന്ന് പറഞ്ഞ് അപൂര്‍വ തിരിച്ചയക്കുകയായിരുന്നു.

അതേസമയം ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ അപൂര്‍വ ഇരുവരുടെയും ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നു എന്നും പോലീസും പറയുന്നു. ഈ സൗഹൃദമാണ് അപൂര്‍വയും രോഹിതും തമ്മിലുള്ള കലഹങ്ങള്‍ക്ക് പ്രധാനകാരണം.

Top