‘ആളുകൾ പലതും പറയും, ദൗത്യവുമായി മുന്നോട്ട് ‘ – രോഹിത് ശർമ്മ

rohithsharma

മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി രോഹിത് ശര്‍മ. ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകാനാണ് ശ്രമമെന്നും ആളുകള്‍ അവര്‍ക്ക് തോന്നുന്നതെല്ലാം പറയുമെന്നും അവരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. വിരാട് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നിര്‍ബന്ധിച്ചു നീക്കിയാണ് രോഹിതിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രോഹിതിന്റെ പ്രതികരണം.

‘ഇന്ത്യക്കായി കളിക്കുമ്പോള്‍ എപ്പോഴും സമ്മര്‍ദ്ദമുണ്ടാകും. അതു സ്ഥിരമായി അവിടെത്തന്നെയുണ്ടാകുകയും ചെയ്യും. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്ന ഒരുപാട് പേരുണ്ട്. അതു ചിലപ്പോള്‍ നല്ലതാകാം. അല്ലെങ്കില്‍ മോശമാകാം. പ്രൊഫഷണല്‍ താരമെന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് ശ്രമം. മറ്റുള്ളവര്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ സമയമില്ല. അവരെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയില്ല. ഇക്കാര്യം പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴും അതു തന്നെ പറയുന്നു’, ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്.

‘ടീമിലെ ഓരോരുത്തരോടും ഇതു തന്നെയാണ് പറയാനുള്ളത്. വലിയൊരു ടൂര്‍ണമെന്റില്‍ കളിക്കുമ്പോഴുള്ള പ്രതീക്ഷയുടെ ഭാരവും സമ്മര്‍ദ്ദവും ടീമംഗങ്ങള്‍ക്ക് ശരിക്ക് അറിയാം. ഉത്തരവാദിത്തം മനസ്സിലാക്കി അതിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ് ഏറ്റവും പ്രധാനം. അതല്ലാതെ പുറത്തു നടക്കുന്ന ചര്‍ച്ചകളിലൊന്നും യാതൊരു കഴമ്പുമില്ല. ടീമംഗങ്ങള്‍ പരസ്പരം എങ്ങനെ മനസ്സിലാക്കുന്നു എന്നത് പ്രധാനമാണ്. ടീമംഗങ്ങള്‍ക്ക് ഇടയിലുള്ള ഈ ബന്ധം വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് സഹായകമാകും’, രോഹിത് വ്യക്തമാക്കുന്നു.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയേയും  പുതിയ ക്യാപ്റ്റന്‍ അഭിനന്ദിച്ചു. ‘അഞ്ചു വര്‍ഷം അദ്ദേഹം ടീമിനെ നയിച്ചു. അതു മനോഹരമായ കാലമായിരുന്നു. ഓരോ നിമിഷവും ആസ്വദിച്ചാണ് കളിച്ചത്’, രോഹിത് കൂട്ടിച്ചേര്‍ത്തു.

Top