മകളുടെ പേര് വെളിപ്പെടുത്തി രോഹിത്; റിതികയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചു

പുതുവര്‍ഷത്തില്‍ തങ്ങളുടെ ജീവന്റെ ഭാഗമായെത്തിയ പൊന്നോമനയെ പരിലാളിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയും ഭാര്യ റിതികയും. കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാതിരുന്ന താരം ഇപ്പോള്‍ മകളുടെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ്. കുഞ്ഞിനും റിതികയ്ക്കും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്.

സമൈറ എന്നാണ് കുഞ്ഞിന്റെ പേര്. പ്രശസ്തമായ മാറൂണ്‍ 5ലെ ഗേള്‍സ് ലൈക്ക് യുവിലെ വരികള്‍ ഒപ്പം ചേര്‍ത്താണ് പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം രോഹിത്ത് പ്രകടിപ്പിക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം ഗേള്‍സ് ലൈക്ക് യുവിന്റെ വീഡിയോ ലിങ്കും രോഹിത് ഒപ്പം ചേര്‍ക്കുന്നുണ്ട്. എപ്പോള്‍ കേള്‍ക്കുമ്പോഴും തനിക്കിത് രോമാഞ്ചം നല്‍കുന്നുവെന്നാണ് രോഹിത് പറയുന്നത്.

കുഞ്ഞ് ജനിച്ചതിന് ശേഷം പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും മകളുടെ ആശംസ എന്ന നിലയില്‍, കുഞ്ഞ് ഇവരുടെ കൈവിരലുകളില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ രോഹിത് പങ്കുവെച്ചിരുന്നു. മകള്‍ ജനിക്കുന്ന സമയത്ത് ഇന്ത്യ-ഓസിസ് പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലായിരുന്നു രോഹിത്. പിന്നീട് കളി ഉപേക്ഷിച്ച് താരം നാട്ടിലേക്ക് മടങ്ങി.

Top