മാറ്റങ്ങൾക്ക് തുടക്കമിടാൻ പുതു സഖ്യം; ശാന്തത മുഖമുദ്രയാക്കി രോഹിത്

രിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡ്, നായകനായി രോഹിത് ശര്‍മ, ഉപനായകനായി ലോകേഷ് രാഹുല്‍. ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ തിരിച്ചടിയെ മറികടക്കാനുള്ള ക്യത്യമായ ഫോര്‍മുലയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അവതരിപ്പിക്കുന്നത്. കോലിക്കു ശേഷം കുട്ടിക്രിക്കറ്റില്‍ രോഹിത് നായകനാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ന്യൂസീലന്‍ഡിനെതിരായ പരമ്പര രോഹിത്-ദ്രാവിഡ് സഖ്യത്തിന് ഏറെ നിര്‍ണായകവുമാണ്.

പരമ്പരയില്‍ മികച്ച ജയം നേടിയാല്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുകൂടി രോഹിതിനെ പരിഗണിക്കും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയുടെ നായകപദവിക്ക് ഭീഷണിയുയര്‍ന്നിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ക്കാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മുതിരുന്നത്. ട്വന്റി-20 ക്രിക്കറ്റില്‍ പയറ്റിത്തെളിഞ്ഞ ക്യാപ്റ്റനാണ് രോഹിത്. അഞ്ചു വട്ടം മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്‍. കിരീടത്തിലേക്ക് നയിച്ചതുതന്നെ ഉദാഹരണം. കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോഴെല്ലാം നായകമികവ് മുംബൈ താരം പ്രകടിപ്പിച്ചിട്ടുമുണ്ട്.

സമ്മര്‍ദങ്ങള്‍ക്കടിമപ്പെടാതെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാനും വിജയത്തിനായി ധീരമായ പരീക്ഷണങ്ങള്‍ക്ക് മുതിരാനുമുള്ള ആര്‍ജവം രോഹിത് പലകുറി പ്രകടിപ്പിച്ചിട്ടുണ്ട്. കളിക്കളത്തില്‍ മുന്‍ഗാമിയായ വിരാട് കോലിയുടെ പാതയിലല്ല രോഹിതിന്റെ സഞ്ചാരം. ആക്രമണോത്സുകതയാണ് കോലിയുടെ മുഖമുദ്രയെങ്കില്‍ ശാന്തതയോടെ പ്രതിസന്ധികളെ മറികടക്കുന്നതാണ് പുതിയ നായകന്റെ രീതി.

താത്കാലിക ക്യാപ്റ്റനായി ഇന്ത്യയെ നയിച്ചപ്പോള്‍ രണ്ട് സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറികളുമടക്കം 718 റണ്‍സ് നേടിയിട്ടുണ്ട്. 2018-ല്‍ നിദഹാസ് ട്രോഫിയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ലോകകപ്പിലെ തിരിച്ചടികളില്‍ നിന്ന് ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയെന്ന വെല്ലുവിളിയാണ് രോഹിതിന് മുന്നിലുള്ളത്. എതിരാളിയായി ന്യൂസീലന്‍ഡ് വരുമ്പോള്‍ പഴയൊരു കണക്കുകൂടി ബാക്കിയുണ്ട്. താത്കാലിക നായകനായി ടീമിനെ നയിച്ചപ്പോള്‍ ട്വന്റി-20യില്‍ ഒരു തവണ മാത്രമേ, രോഹിതിന് പരമ്പര നഷ്ടമായിട്ടുള്ളു. 2019-ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു അത്. അതിനുള്ള മറുപടി നായകന്റെ കൈയിലുണ്ടോയെന്ന് വരുംദിവസങ്ങളിലറിയാം.

Top