എന്‍.ഡി തിവാരിയുടെ മകന്റെ കൊലപാതകം; ഭാര്യ അപൂര്‍വ ശുക്ല അറസ്റ്റില്‍

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വ ശുക്ല അറസ്റ്റില്‍.

കൊലപാതകത്തില്‍ അപൂര്‍വയെ തന്നെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.സംശയത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അപൂര്‍വയെയും രണ്ട് വീട്ടുജോലിക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏകദേശം എട്ടുമണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്. ഇതിന് തുടര്‍ച്ചയായാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു രോഹിതിന്റെ മരണം ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വോഭാവികമരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നതാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. പുറത്തുനിന്നൊരാള്‍ ബലമായി അകത്തു കടന്നതിന്റെ ലക്ഷണങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്താനായില്ല. വീടിനകത്തുള്ള ഒരാളുടെ സാനിധ്യം കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് അപൂര്‍വയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.മകനും ഭാര്യയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന്‌രോഹിതിന്റെ അമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

Top