ഏകദിന ലോകകപ്പ് ടീം: പരിഗണിച്ചിരുന്ന ചില താരങ്ങളെ ഒഴിവാക്കേണ്ടിവന്നതായി രോഹിത് ശർമ

ചെന്നൈ : ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ പിന്നീട് ഒഴിവാക്കേണ്ടിവന്നതായി ക്യാപ്റ്റൻ രോഹിത് ശർമ. ചിലരെ മാറ്റിനിർത്തേണ്ടിവന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് രോഹിത് ശർമ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘എല്ലാ തീരുമാനങ്ങളും സ്വീകരിച്ചത് ടീമിനു വേണ്ടിയാണ്. അതു ചെയ്യേണ്ടി വരും. ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട ഓരോ താരങ്ങളെയും ഞാൻ നേരിട്ടു ബന്ധപ്പെട്ടു. എന്തുകൊണ്ടാണു മാറ്റിനിർത്തിയതെന്ന് അവർക്കു വ്യക്തമായ ധാരണ വേണം. അക്കാര്യത്തില്‍ എനിക്കു നിർബന്ധമുണ്ട്.’’– രോഹിത് ശർമ പറഞ്ഞു.

‘‘ഒഴിവാക്കപ്പെടുമ്പോൾ കളിക്കാർ അസ്വസ്ഥരാകും. അതു സ്വാഭാവികമാണ്. ഞാനും ഇതുപോലുള്ള ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ടീമിൽനിന്ന് എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാമെന്നതു മാത്രമാണ് എന്റെ അജൻഡ. ആരൊക്കെ ലോകകപ്പ് കളിക്കണമെന്നു തീരുമാനിക്കുന്നതു ഞാൻ മാത്രമല്ല. അതുകൂട്ടായെടുക്കുന്ന തീരുമാനമാണ്. സമൂഹമാധ്യമങ്ങളിലെ വിവാദങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല. ഫോണിൽ‌ കുറച്ചു മാസങ്ങളായി ട്വിറ്ററോ, ഇൻസ്റ്റഗ്രാമോ ഇല്ല.’’

‘‘ജീവിതത്തിൽ ആരിൽനിന്നും ഒരു കാര്യവും പ്രതീക്ഷിക്കാറില്ല. വലിയൊരു ഹാളും അടുക്കളയും മാത്രമുള്ള വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും അമ്മാവൻമാരും അവരുടെ കുടുംബങ്ങളും ഞാനും അടക്കം ഒൻപതു പേരാണു കുട്ടിക്കാലത്തു താമസിച്ചിരുന്നത്. രാത്രി ഉറങ്ങുമ്പോള്‍ ഒരു കാൽ നീട്ടിയാൽ ചുവരിലോ, മറ്റുള്ളവരുടെ ദേഹത്തോ തട്ടും. ഇന്ന് നേടിയിട്ടുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിൽ ഉണ്ടായതാണ്.’’– രോഹിത് ശർമ പ്രതികരിച്ചു.

Top