ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, താരം പൂര്‍ണ ആരോഗ്യവാനാണെന്ന് എന്‍.സി.എയുടെ ഫിസിയോ അറിയിച്ചിട്ടുണ്ട്. ഇതോടെ താരം ഉടന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ ചേര്‍ന്നേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക ബി.സി.സി.ഐ ആണ്. ഡിസംബര്‍ 17 നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ക്യാപ്റ്റൻ വിരാട് കോലി ആദ്യ ടെസ്റ്റ് കഴിയുമ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നതോടെ ഇന്ത്യന്‍ ടീമില്‍ രോഹിത്ത് ഉള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ഐ.പി.എല്ലില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന, ട്വന്റി 20 പരമ്പരകളില്‍ രോഹിത്തിന് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഓസിസിനെതിരേയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സായാല്‍ മാത്രമേ സാധിക്കൂ എന്ന അവസ്ഥ വന്നതോടെ താരം നവംബര്‍ 19 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയെ സമീപിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ടെസ്റ്റ് നടന്നത്. ശാരീരിക ക്ഷമത തെളിയിച്ചാല്‍ രോഹിത്തിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.സി.സി.ഐ നേരത്തേ അറിയിച്ചിരുന്നു.