ആരാധകരുടെ ആശങ്കകളെ ബൗണ്ടറി കടത്തി രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ചേര്‍ന്നു

മുംബൈ: ആരാധകരുടെ ആശങ്കകളെ ബൗണ്ടറി കടത്തി രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ചേര്‍ന്നു. ക്യാപ്റ്റന്‍സി മാറ്റത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളും ആരാധകരുടെ പ്രതിഷേധവുമൊന്നും ബാധിക്കാത്ത രീതിയില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ രോഹിത് അടിച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. നെറ്റ് ബൗളര്‍മാരും ത്രോ ഡൗണ്‍ സ്‌പെഷലിസ്റ്റുകളും എറിയുന്ന ഓരോ പന്തും രോഹിത് മനോഹരമായി കണക്ട് ചെയ്യുന്ന വീഡിയോ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം.

ക്യാപ്റ്റന്‍സി നഷ്ടമായശേഷം ആദ്യമായാണ് രോഹിത് മുംബൈ ടീമിനൊപ്പം ചേരുന്നത്. ക്യാപ്റ്റന്‍സി മാറിയതിനെക്കുറിച്ച് രോഹിത്തുമായി ഇതുവരെ സംസാരിക്കാനായിട്ടില്ലെന്നും അദ്ദേഹം യാത്രകളിലും മത്സരങ്ങളുടെ തിരിക്കലുമായിരുന്നുവെന്നായിരുന്നു ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയ പുതിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്. രോഹിത്തിനെ എന്തിന് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരംമുട്ടിയിരിക്കുന്ന മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചറുടെ വീഡിയോയും ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.രോഹിത് ശര്‍മ തനിക്ക് കീഴില്‍ കളിക്കുന്നതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും രോഹിത്തില്‍ നിന്ന് ആവശ്യമെങ്കില്‍ സഹായം തേടുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കൈ എപ്പോഴും തന്റെ ചുമലിലുണ്ടാവുമെന്നുറപ്പാണെന്നും ഹാര്‍ദ്ദിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Top