ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ്; രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു

ദില്ലി: അഡ്‌ലെയ്‌ഡില്‍ 17-ാം തീയതി ആരംഭിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റിനായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. എന്നാൽ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കേണ്ടതിനാൽ പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ഹിറ്റ്‌മാന് ഇറങ്ങാന്‍ കഴിയുക. യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് നവംബര്‍ 19 മുതല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍(എന്‍സിഎ) ചികില്‍സയിലും പരിശീലനത്തിലുമായിരുന്നു. ഇപ്പോൾ ബാറ്റിംഗ്, ഫീല്‍ഡിംഗ്, വിക്കറ്റിനിടയിലെ ഓട്ടം തുടങ്ങിയവയിൽ ഫിറ്റ്‌നസ് തെളിയിച്ച് എന്‍സിഎയുടെ ക്ലീന്‍ചിറ്റ് കിട്ടിയാണ് രോഹിത് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നത്. ദുബായ് വഴിയാണ് രോഹിത്തിന്‍റെ യാത്ര.

ഫിസിയോയ്‌ക്കൊപ്പം രോഹിത് ക്വാറന്‍റീന്‍ ദിവസങ്ങളില്‍ കൂടുതല്‍ പരിശീലനം നടത്തും. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ ടീമിന്‍റെ മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാവും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രോഹിത് കളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ജനുവരി ഏഴ് മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

Top