ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്; രോഹിത് കളിക്കില്ല, ബുംറ നയിക്കും

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ല. കൊവിഡ് ബാധിച്ച് ഐസൊലേഷനിലുള്ള താരത്തിനു പകരം പേസർ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. കപിൽ ദേവിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയെ ഒരു ഫാസ്റ്റ് ബൗളർ നയിക്കുന്നത്. കപിലിനും ബുംറയ്ക്കുമുടയിൽ 35 വർഷത്തെ ഇടവേളയുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രോഹിത് ശർമയ്ക്ക് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മത്സരത്തിൽ ഇന്ത്യക്കായി വിക്കറ്റ് കീപ്പർ കെഎസ് ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് സൂചന. രോഹിതിൻ്റെ അഭാവത്തിൽ ഭരത് ഓപ്പണർ റോളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൽ ഭരത് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത് മികച്ച പ്രകടനം നടത്തിയിരുന്നു.

ബാക്കപ്പ് ഓപ്പണറായി മായങ്ക് അഗർവാൾ ടീമിലുണ്ടെങ്കിലും ഭരതിനു തന്നെയാണ് സാധ്യത. പരിശീലന മത്സരത്തി ന്റെ രണ്ട് ഇന്നിംഗ്സിലും നല്ല പ്രകടനം നടത്തിയ താരത്തെ ഒഴിവാക്കിയേക്കില്ല. ചേതേശ്വർ പൂജാര ഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്. പക്ഷേ, മധ്യനിര ശക്തിപ്പെടുത്താൻ പൂജാരയെ നാലാം നമ്പറിൽ തന്നെ ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.കഴിഞ്ഞ ദിവസമാണ് രോഹിത് ശർമ കൊവിഡ് പോസിറ്റീവായത്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തിൽ ലെസ്റ്റർഷയറിനെ നേരിടുന്ന ടീമിൽ രോഹിത് ശർമ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്‌ത രോഹിത്‌, രണ്ടാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം 25 റൺസ് നേടിയിരുന്നു.

രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. കോലി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിൽ മാറ്റിവച്ച ടെസ്റ്റാണ് ജൂലായ് ഒന്ന് മുതൽ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുക. പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്. അതുകൊണ്ട് തന്നെ കോലിയാണ് ഈ കളി നയിക്കാൻ അർഹനെന്ന് ആരാധകർ വാദിച്ചിരുന്നു.

Top