റോഹിങ്ക്യൻ ജനതകൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ ആശങ്ക ; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

Rohingyas ,

ജനീവ : മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ ജീവിക്കുന്ന ക്യാമ്പുകളിൽ അവർക്ക് ആവശ്യമായ പോഷകാഹാരവും സമീകൃതാഹാരവും ലഭ്യമാക്കുന്നതിൽ ആശങ്ക നിനിലനിൽക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. എന്നാൽ ഇവരിൽ 90 ശതമാനത്തിലധികം ആളുകൾക്കും അടിയന്തിര ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നും യുഎൻ വ്യക്തമാക്കി.

2017 നവംബറിനും ഡിസംബറിനുമിടയ്ക്ക് യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി), ഫുഡ് സെക്യൂരിറ്റി സെക്ടർ (എഫ്എസ്എസ്) എന്നിവയുമായി സഹകരിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

2018 ൽ കൂടുതൽ ഇ-വൗച്ചർ പ്രോഗ്രാമുകൾ ഡബ്ല്യൂഎഫ്പി ബംഗ്ലാദേശിലെ കോക്സ്സ് ബസാറിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. നിലവിൽ 90,000 ആളുകൾ WFP യുടെ ഇ-വൗച്ചർ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ഇ-വൗച്ചർ ഉപയോഗിക്കുന്നവർക്ക് പ്രീ-പെയ്ഡ് ഡെബിറ്റ് കാർഡിൽ പ്രതിമാസ തുക ലഭിക്കുന്നുണ്ട്. ഈ തുക ഉപയോഗിച്ച് ഇവർക്ക് അനുവാദമുള്ള ഷോപ്പുകളിൽ നിന്ന് അരി, പയറ്, പച്ചക്കറികൾ ഉൾപ്പെടെ 19 വ്യത്യസ്ത ഭക്ഷണങ്ങൾ വാങ്ങാൻ സാധിയ്ക്കുമെന്നും ഫർഹാൻ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠനത്തിന് ശേഷമാണ് പുതിയ റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്. സേവ് ദ ചൈൽഡ്സ് പുറത്തിറക്കിയ വിവരങ്ങൾ അനുസരിച്ചു മ്യാൻമറിലെ റോഹിങ്ക്യ മുസ്ലിംകൾ താമസിക്കുന്ന അഭയാർത്ഥി ക്യാമ്പുകളിൽ ഈ വർഷം 48,000ത്തിലധികം കുട്ടികൾ ജനിക്കുമെന്നാണ് വ്യക്തമാകുന്നത്.

മ്യാൻമറിലെ റാഖൈനില്‍ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇതിനകം ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവർ ജനുവരി അവസാനത്തോടെ തിരികെ സ്വീകരിക്കാമെന്ന് മ്യാൻമർ ബംഗ്ലാദേശുമായി കരാർ ഒപ്പ് വെച്ചിരുന്നു.

Top