റോഹിങ്ക്യന്‍ വംശഹത്യ; യുഎന്നിന്റേത് വ്യാജപ്രചരണം, വിചാര അനുവദിക്കില്ലെന്ന് മ്യാന്‍മര്‍

rohingya4

നയ്പിഡാവ്: റോഹിങ്ക്യന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന യുഎന്‍ ആവശ്യം മ്യാന്‍മര്‍ തള്ളി. യുഎന്‍ തങ്ങള്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ വക്താവ് സൊ ഹാറ്റി പ്രതികരിച്ചു.

വംശീയ ശുദ്ധീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷ റോഹിങ്ക്യ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിനും മറ്റു മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും മ്യാന്‍മര്‍ സൈനികമേധാവി സീനിയര്‍ ജനറല്‍ മിന്‍ ആങ് ഹെയ്ലിംഗിനെയും അഞ്ചു മുതിര്‍ന്ന കമാന്‍ഡര്‍മാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് യുഎന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.

യുഎന്നിന്റെ വസ്തുതാന്വേഷണ കമ്മിറ്റിയാണ് പീഡനത്തിനിരയായി പലായനം ചെയ്ത 857 സാക്ഷികളില്‍ നിന്നു മൊഴിയെടുത്തശേഷം റിപ്പോര്‍ട്ട് തയാറാക്കിയത്.

മ്യാന്‍മറിലെ റാഖൈന്‍, കാച്ചിന്‍, ഷാന്‍ സ്റ്റേറ്റുകളില്‍ റോഹിങ്ക്യകള്‍ക്കെതിരേ പീഡനമുണ്ടായെന്നും, അവരുടെ ഗ്രാമങ്ങള്‍ക്കു സൈന്യം തീവയ്ക്കുകയും നിരവധി പേരെ കൊല്ലുകയും പെണ്‍കുട്ടികളെ ബലാത്കാരം ചെയ്യുകയും ചെയ്തതായുമായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

Top