മ്യാൻമറിനെ ഭയക്കുന്നു , ബംഗ്ലാദേശ് ക്യാമ്പിൽ ഞങ്ങൾ സുരക്ഷിതരാണ് ; റോഹിങ്ക്യൻ വിധവകൾ

ധാക്ക : മ്യാൻമർ നടത്തുന്ന വംശീയ അധിക്ഷേപത്തിന്റെ ഇരകളാണ് റോഹിങ്ക്യൻ സമൂഹം.

ഇത്തരത്തിൽ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന വിഷയത്തില്‍ ബംഗ്ലാദേശ് മ്യാന്‍മറുമായി ധാരണയിലെത്തിയതിനെ തുടർന്ന് അഭയാർത്ഥികൾ മ്യാൻമറിലേയ്ക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.

മ്യാന്മറിൽ നിന്ന് അക്രമങ്ങൾ ഭയന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകൾ തിരികെ എത്തുമ്പോൾ എല്ലാ തരത്തിലുള്ള സൗകര്യങ്ങളും നൽകുമെന്ന് മ്യാൻമാർ ഭരണകുടം ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ റോഹിങ്ക്യൻ സമൂഹത്തിന് ഇന്നും മ്യാൻമാർ ഭരണകൂടത്തിന്റെ ഭയമാണ്.

അതിന് ഉദാഹരണമാണ് മ്യാന്മാറിനെ ഭയക്കുന്നു , ബംഗ്ലാദേശ് ക്യാമ്പിൽ ഞങ്ങൾ സുരക്ഷിതരായിരുന്നുവെന്ന് പറയുന്ന റോഹിങ്ക്യൻ വിധവകളുടെ വാക്കുകൾ.

ബംഗ്ലാദേശ് ക്യാമ്പിൽ കഴിയുന്ന ഓരോ വിധവകളായ സ്ത്രീകൾക്കും പറയാനുള്ളത് കണ്ണീരിന്റെ കഥ മാത്രമാണ്.

രോഷിദ് ജാൻ എന്ന സ്ത്രീ പത്ത് ദിവസം തന്റെ അഞ്ച് മക്കളോടൊപ്പം നടന്നാണ് ബംഗ്ലാദേശിൽ എത്തിയത്. മ്യാൻമാർ പട്ടാളം അവരുടെ ഗ്രാമം അഗ്നിക്ക് ഇരയാക്കിയിരുന്നു.

11 മാസങ്ങൾക്ക് മുൻപ് റോഹിങ്ക്യൻ തീവ്രവാദിയാണെന്ന പേരിൽ ഗ്രാമത്തിൽ നിന്ന് തന്റെ ഭർത്താവിനെയും , മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തിരുന്നുവെന്നും. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും , ജീവനോടെ ഉണ്ടോയെന്ന് അറിയില്ലെന്നും രോഷിദ് ജാൻ പറഞ്ഞു.

മ്യാൻമാർ പട്ടാളത്തിന്റെ ക്രൂരതയിൽ വിധവയായി മാറിയ മറ്റൊരു ഇരയാണ് 19 വയസ്സുകാരിയായ ഐഷ ബേഗും. കൊല്ലപ്പെട്ടനിലയിൽ ഭർത്താവിനെ റോഡരികിൽ നിന്നാണ് ഐഷയ്ക്ക് ലഭിച്ചത്.

തന്റെ ഭർത്താവിന്റെ ശരീരം മൂന്ന് കഷ്ണങ്ങളായിരുന്നുവെന്നും, ലോകത്തിൽ ഒരു സ്ത്രീക്കും ആ കാഴ്ച സഹിക്കാൻ കഴിയില്ലെന്നും ഐഷ കണ്ണീരോടെ പറയുന്നു.

മ്യാൻമറിൽ ഭൂരിഭാഗം വരുന്ന റോഹിങ്ക്യൻ സമൂഹം കുടിയേറ്റക്കാരാണെന്നാണ് ബുദ്ധമതക്കാരുടെ വാദം. എന്നാൽ ഇവർ വർഷങ്ങളായി മ്യാൻമറിൽ താമസിക്കുന്നവരാണ്.

മ്യാൻമർ നടത്തുന്ന സൈനിക നീക്കങ്ങളെ വംശീയ ഉന്മൂലനം എന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്.

റോഹിങ്ക്യൻ സമൂഹത്തിലെ സ്ത്രീകളോടും , കുട്ടികളോടും മ്യാൻമർ സൈന്യം നടത്തിയ ക്രൂരതകൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് മനുഷ്യ അവകാശ സംഘടനകൾ ആരോപിച്ചിട്ടുള്ളത്.

എന്നാൽ ഈ വാദങ്ങളിൽ ഭൂരിപക്ഷം മ്യാൻമർ സർക്കാർ നിഷേധിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പേരിൽ ആരോപിക്കുന്ന കുറ്റങ്ങൾക്ക് തെളിവുകൾ ഇല്ലെന്നാണ് മ്യാൻമർ സർക്കാർ നൽകുന്ന മറുപടി.

ബംഗ്ലാദേശ് തെക്കൻ മലനിരകളോട് ചേർന്നുള്ള അഭയാർഥിക്യാമ്പുകളിലുള്ള 50 ഓളം ടെന്റുകളിൽ പുരുഷന്മാരില്ല, വിധവകളും അനാഥരുമാണ് ഈ ടെന്റുകളിൽ താമസിക്കുന്നത്.

എന്നാൽ വീണ്ടും തിരികെ മ്യാന്മറിലേയ്ക്ക് പോകുന്നതിന് ഇവർക്ക് ഭയമാണ്. ഈ ക്യാമ്പുകളിൽ ചിലപ്പോൾ ഭക്ഷണം ലഭിക്കാൻ വൈകും പക്ഷേ ഞങ്ങൾ സുരക്ഷിതരാണ് , ഞങ്ങളുടെ മാനത്തിന് വില പറയാനും , ഉപദ്രവിക്കാനും ഇവിടെ ആരും ശ്രമിക്കില്ലായെന്നും റോഹിങ്ക്യൻ വിധവകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ട് : രേഷ്മ പി എം

Top