റോഹിങ്ക്യ; മ്യാന്‍മർ സൈനിക മേധാവികള്‍ക്ക് എതിരെ വിമർശനവുമായി അമേരിക്ക

ന്യൂയോർക്ക്: റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മ്യാന്‍മറിലെ സൈനിക മേധാവികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്ക.

റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടി വരുന്നത് സൈനിക നടപടിയെ തുടര്‍ന്നാണ് എന്നും യുഎസ് അംബാസഡര്‍ നിക്കി ഹാലെ കുറ്റപ്പെടുത്തി.

യുഎന്‍ സുരക്ഷാ സമിതിയിലാണ് അമേരിക്കയുടെ വിമര്‍ശം. മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തിങ്കളാഴ്ച റാഖെയ്ന്‍ സന്ദര്‍ശിക്കും.

യുഎന്‍ മനുഷ്യാവകാശ സംഘടന യുദ്ധക്കുറ്റ അന്വേഷണ സംഘത്തെ യെമനിലേക്ക് അയക്കാന്‍ തീരുമാനമായി.

ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നതിനിടെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 15 ലേറെ പേര്‍ മരിക്കുകയും 50 ലേറെ പേരെ കാണാതാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്ക രൂക്ഷമായ വിമർശനം നടത്തിയത്.

മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശത്തെ തന്നെ ഉന്‍മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ കുറ്റപ്പെടുത്തി. അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൈനിക മേധാവികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നുംപദവികളില്‍ നിന്ന് പുറത്താക്കണമെന്നും അമേരിക്ക യുഎന്‍ സുരക്ഷ സമിതിയില്‍ ആവശ്യപ്പെട്ടു.

സൈന്യത്തിന്റെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാവണമെന്നും നിക്കി ഹാലെ പറഞ്ഞു.

മ്യാന്‍മര്‍ സൈനിക മേധാവികള്‍ക്കെതിരെ നടപടി വേണമെന്ന് ഇതാദ്യമായാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

എന്നാല്‍ ഒബാമ ഭരണത്തിന് കീഴില്‍ അമേരിക്ക പിന്‍വലിച്ച ഉപരോധം വീണ്ടും പുനസ്ഥാപിക്കുമോയെന്ന് വ്യക്തമാക്കിയില്ല.

2009 ന് ശേഷം മ്യാന്‍മര്‍ വിഷയം യു.എന്‍ സുരക്ഷ സമിതിയില്‍ ചര്‍ച്ചയാകുന്നത് ആദ്യമാണെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭക്ക് ഇതുവരെ കഴിഞ്ഞില്ലെന്ന വിമര്‍ശവും ശക്തമാകുന്നുണ്ട്.

മതമല്ല, തീവ്രവാദമാണ് റാഖെയ്നിലെ സംഘര്‍ങ്ങള്‍ക്ക് കാരണമെന്നും സ്ഥിതിഗതികള്‍ മോശമാക്കുന്ന രീതിയിലുളള നടപടികള്‍ ഐക്യരാഷ്ട്രസഭസ്വീകരിക്കരുതെന്നും മ്യാന്‍മര്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉ താവുങ് ടണ്‍ പറഞ്ഞു.

തിങ്കളാഴ്ച റാഖെയ്ന്‍ സന്ദര്‍ശിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം ചേരാന്‍ യുഎന്‍ ഉദ്യോഗസ്ഥരെയും മ്യാന്‍മര്‍ ക്ഷണിച്ചിട്ടുണ്ട്.

Top