റോഹിന്‍ഗ്യകളെല്ലാം തീവ്രവാദികളല്ല, കേന്ദ്രത്തിന്റെ നിലപാടിനെതിരെ മമതാ ബാനര്‍ജി

mamata

കൊല്‍ക്കത്ത: മ്യാന്മാറില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്രത്തിന്റെ നിലപാടിനെ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

റോഹിന്‍ഗ്യകളെല്ലാം തീവ്രവാദികളല്ലെന്ന് മമത അഭിപ്രായപ്പെട്ടു.

”റോഹിന്‍ഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ വേണ്ടി അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തിയവരുടെ ലിസ്റ്റ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ എല്ലാവരും തീവ്രവാദികളാണെന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോള്‍ ചിലര്‍ ഭീകരവാദികളായിരിക്കാം. എന്നാല്‍ പൊതുവെ അവരെല്ലാം തീവ്രവാദികളാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മമതാ വ്യക്തമാക്കി.

നേരത്തെ, റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാരാണ്. ഇവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. റോഹിന്‍ഗ്യന്‍ മുസ്‌ളിങ്ങള്‍ക്ക് ഐഎസ് തീവ്രവാദികളും പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയുമായും ബന്ധമുണ്ട്. ബംഗാള്‍, ത്രിപുര, മ്യാന്മര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റോഹിന്‍ഗ്യകള്‍ പ്രവര്‍ത്തിക്കുന്നത്. അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുന്നതിന് പ്രത്യേകം സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം കേന്ദ്രം സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്ഥമായാണ് റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ മമതാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ”എല്ലാ സമൂഹത്തിലും നല്ലവരും ചീത്ത ആള്‍ക്കാരും ഉണ്ട്. ഒരു ഭീകരവാദ ഗ്രൂപ്പുകളുമായും നമ്മള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എന്തെങ്കിലും തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കും. എന്നാല്‍ സാധാരണക്കാര്‍ അതിന്റെ കഷ്ടത അനുഭവിക്കാന്‍ പാടില്ല”, മമതാ വ്യക്തമാക്കി.

 

 

Top