റോഹിങ്ക്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി യൂണിസെഫ് റിപ്പോര്‍ട്ട്

ജെനീവ: റോഹിങ്ക്യന്‍ അഭയാര്‍ഥികളായ 58 ശതമാനം കുട്ടികളും പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്.

ആറ് ലക്ഷത്തോളം അഭയാര്‍ഥികളാണ് വംശീയ ആക്രമണങ്ങളില്‍നിന്ന് രക്ഷതേടി മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലെത്തിയത്.

ഇവരുടെ കുട്ടികളില്‍ 58 ശതമാനം പേരും കടുത്ത പോഷകാഹാര കുറവ് നേരിടുന്നതായാണ് യൂണിസെഫ് ഉദ്യോഗസ്ഥനായ സൈമണ്‍ ഇന്‍ഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ചാണ് റോഹിങ്ക്യന്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

ആക്രമണത്തിന്റെ സമയത്ത് മ്യാന്‍മറില്‍ ആയിരിക്കുമ്പോഴും തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കടന്ന അവസരത്തിലും പ്രായപൂര്‍ത്തിയാകാത്ത റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സൈനികര്‍ വെടിവയ്ക്കുന്നതിന്റെ കുട്ടികള്‍ വരച്ച ചിത്രങ്ങളും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

യൂണിസെഫിന്റെ കണക്കു പ്രകാരം അഞ്ചുവയസ്സില്‍ താഴെയുള്ള, അഞ്ചുകുഞ്ഞുങ്ങളില്‍ ഒരാള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്.

കോളറ, മീസല്‍സ്, പോളിയോ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ നല്‍കിയതാണ് പകര്‍ച്ചാവ്യാധി ഭീഷണിയെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സഹായിച്ചത്.

എന്നാല്‍ ഇവയുടെ ഭീഷണി പൂര്‍ണമായും ഒഴിവായെന്ന് പറയാനാവില്ലെന്ന് സൈമണ്‍ ഇന്‍ഗ്രാം പറഞ്ഞു. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top