അതിജീവനത്തിന് ചുവപ്പിന്റെ സഹായം തേടി റോഹിങ്ക്യൻ കുട്ടി അഭയാർത്ഥികൾ

ന്യൂഡല്‍ഹി: ജീവനും മരണത്തിനും ഇടയില്‍ പിടയുന്ന കുരുന്നു മനസ്സുകള്‍ ഒടുവില്‍ ചുവപ്പിന്റെ കരുണ തേടി.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍ എ. സമ്പത്ത് എം.പിക്കും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനുമാണ് നിവേദനം നല്‍കിയത്.

ഫരീദാബാദിലെ പുരാനാഗാവ് അഭയാര്‍ത്ഥി ക്യാമ്പിലെ 35 കുട്ടികളാണ് നിവേദനവുമായി ഡല്‍ഹിയിലെത്തിയത്.

എ.സമ്പത്ത് എം.പിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ജീവിതം പ്രതിസന്ധിയിലായ ഈ അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് മടക്കി അയച്ചാല്‍ അവര്‍ വെടിയുണ്ടകള്‍ക്ക് ഇരയാകുമെന്ന് സമ്പത്തും റിയാസും പറഞ്ഞു.

നരകതുല്യമായ ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കാനാണ് രാജ്യം തയാറാകേണ്ടതെന്ന് സമ്പത്ത് എംപി പറഞ്ഞു. ഇവര്‍ക്ക് ഭക്ഷണവും ചികിത്സയും വിദ്യാഭ്യാസവും പുനരധിവാസവും ഒരുക്കണം. അഭയാര്‍ത്ഥികള്‍ ചികിത്സകിട്ടാതെ വിവിധ രോഗങ്ങളാല്‍ മരിക്കുകയാണ്. ജീവന്‍ രക്ഷിക്കാന്‍ പലായനംചെയ്തവരെ മ്യാന്‍മാറിലേക്ക് മടക്കി അയക്കുന്നത് കൊലക്കളത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. റോഹിങ്ക്യ അഭയാര്‍ത്ഥി വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. അനുകൂല നിലപാടുണ്ടാകുന്നതിന് സാധ്യമായ സഹായം ചെയ്യുമെന്ന് സമ്പത്ത് എംപി പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ മനുഷ്യത്വം സംരക്ഷിക്കാനുള്ള പേരാട്ടമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം ഉറപ്പാക്കുന്നതിന് ഡിവൈഎഫ്ഐ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യോജിക്കാവുന്ന എല്ലാ വിഭാഗങ്ങളുമായി ചേര്‍ന്ന് ശക്തമായ പേരാട്ടം നടത്തുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

തങ്ങള്‍ നാടുകടത്തല്‍ ഭീഷണിയിലാണെന്ന് കുട്ടികള്‍ക്കൊപ്പം എത്തിയവര്‍ പറഞ്ഞു. ഭരണകൂടം തങ്ങളെ അനധികൃത കുടിയേറ്റക്കാരായാണ് കാണുന്നത്. സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാല്‍ ജീവനോടെ അവിടെയെത്തില്ലെന്നും അവര്‍ പറഞ്ഞു.

ശിശുദിനത്തിന്റെ ഭാഗമായി അഭയാര്‍ത്ഥിക്കുട്ടികള്‍ ഡല്‍ഹി മൃഗശാലയും സന്ദര്‍ശിച്ചു. ജീവിതത്തില്‍ ആദ്യത്തെ ബസ്യാത്രയും മൃഗശാല സന്ദര്‍ശനവും ആസ്വദിച്ച് കുട്ടികള്‍ വൈകിട്ട് ക്യാമ്പിലേക്ക് മടങ്ങി. ഉബൈസ് സൈനുലബ്ദ്ദീന്‍ പീസ് ഫൗണ്ടേഷനാണ് കുട്ടികള്‍ക്ക് മൃഗശാല സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയത്.

Top