നിറകണ്ണുകളോടെ കളിക്കളത്തോട് വിടപറഞ്ഞ് ഇതിഹാസ താരം ഫെഡറർ; മടക്കം തോൽവിയോടെ

ലണ്ടൻ: പ്രൊഫഷണൽ ടെന്നിസിൽ നിന്ന് ഇതിഹാസ താരം റോജർ ഫെഡറർ വിടപറഞ്ഞു. ലേവർ കപ്പിൽ തൻറെ ഏറ്റവും വലിയ പ്രതിയോഗിയായ റാഫേൽ നദാലിനൊപ്പമാണ് താരം അവസാന മത്സരത്തിനിറങ്ങിയത്. അമേരിക്കൻ ജോഡിയായ ജാക്ക് സ്റ്റോക്കിനും ഫ്രാൻസെസ് തിയാഫോയ്ക്കുമെതിരെ ഡബ്ൾസ് പോരാട്ടത്തിനിറങ്ങിയ നദാൽ-ഫെഡറർ സഖ്യം തോറ്റു. ആരാധകരോട് നന്ദിപറഞ്ഞ് നിറകണ്ണുകളോടെയാണ് താരം വിടപറഞ്ഞത്.

“ഇന്ന് ഒരു മനോഹര ദിവസമാണ്, എനിക്ക് സങ്കടമില്ല. ഇവിടെയായിരിക്കുന്നത് വളരെ മികച്ചതാണ്, എല്ലാം അവസാനമായി ഒരിക്കൽകൂടി ചെയ്തത് ഞാൻ വളരെയധികം ആസ്വദിച്ചു. നല്ല രസമുണ്ടായിരുന്നു, എല്ലാ മത്സരങ്ങളും, ആരാധകർ, കുടുംബം, സുഹൃത്തുക്കൾ, എനിക്കധികം സമ്മർദ്ദം തോന്നിയില്ല. മത്സരത്തിനിറങ്ങാൻ കഴിഞ്ഞതിൽ സന്തോഷം. എനിക്ക് ഇതിനേക്കാൾ വലിയ സന്തോഷമില്ല”, വിടവാങ്ങൽ പ്രസം​ഗത്തിൽ ഫെഡറർ പറഞ്ഞു.

ഇരുപത്തിനാല്‌ വർഷം നീണ്ട കരിയറിൽ 1526 മത്സരങ്ങൾക്ക് ഫെഡറർ റാക്കറ്റേന്തി. 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് നേട്ടം, ഇതിൽ എട്ടും വിംബിൾഡണിൽ ആയിരുന്നു. 2003 വിംബിൾഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടർച്ചയായി നാല് വർഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ആറ് തവണ കിരീടം ചൂടിയപ്പോൾ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും താരം ഉയർത്തി. 2018ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതാണ് അവസാനത്തെ ഗ്രാൻസ്ലാം കിരീടം.

Top