റോജര്‍ ഫെഡറര്‍ എടിപി റാങ്കിംഗിൽ നിന്ന് പുറത്തേക്ക്

സൂറിച്ച്: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കരിയറിലാദ്യമായി എടിപി റാങ്കിംഗിൽ നിന്ന് പുറത്താകാൻ സാധ്യത. നാല്‍പ്പതുകാരനായ ഫെഡറര്‍ നിലവില്‍ റാങ്കിങ്ങില്‍ 96-ാം സ്ഥാനത്താണ്. അടുത്തയാഴ്ച പുതിയ റാങ്കിംഗ് വരുമ്പോള്‍ 100ന് താഴെയെത്തും ഇതിഹാസ താരം. 23 വര്‍ഷത്തിനിടെ ആദ്യമായിട്ടാകും റാങ്കിങ്ങില്‍ ഫെഡറർ പുറത്തുപോകുക. പരിക്ക് മൂലം ഏറെ നാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഫെഡറർ.

ഗ്രാന്‍സ്ലാം എണ്ണത്തില്‍ റാഫേല്‍ നദാല്‍ മറികടന്നെങ്കിലും ഇന്നും കൂടുതൽ ആരാധകരുള്ള താരം ഫെഡററാണ്. ഫെഡററുടെ ബാക്ക്ഹാന്‍ഡും പ്ലേയ്‌സിങ്ങും ഇന്നും ടെന്നിസിന്റെ സൗന്ദര്യത്തിൻറെ പര്യായമാണ്.

മറ്റൊരു വിംബിള്‍ഡണ്‍ കൂടിയെത്തുമ്പോള്‍ പുല്‍ക്കോര്‍ട്ടില്‍ എതിരാളികളില്ലാത്ത ഫെഡറര്‍ ഇത്തവണ ഉണ്ടാകില്ല. എട്ട് തവണയാണ് ഫെഡറർ വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയിട്ടുള്ളത്.

കളിക്കളത്തില്‍ നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുകയാണ് ഫെഡറർ. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മൂന്ന് തവണ ശസ്ത്രക്രിയകക്ക് വിധേയനായി. സെപ്റ്റംബറില്‍ ലേവര്‍ കപ്പിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരുന്ന ഫെഡറര്‍ അടുത്ത വര്‍ഷവും കളിക്കാമെന്നുള്ള പ്രതീക്ഷയിലാണ്.

Top