വിംബിള്‍ഡണ്‍: ഫെഡററും ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു

ലണ്ടന്‍: റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

എതിരാളികള്‍ മത്സരം പൂര്‍ത്തിയാവുന്നതിനു മുന്നെ പിന്‍വാങ്ങിയതിനാല്‍ അനായാസമായാണ് ഇരുവരും രണ്ടാം റൗണ്ടിലേക്ക് കടന്നത്. യുക്രൈന്റെ അലക്‌സാണ്ടര്‍ ദോല്‍ഗോപൊലോവിനെയാണ് മൂന്നാം സീഡ് ഫെഡറര്‍ മറികടന്നത്. മത്സരം 6-3, 3-0 എന്ന നിലയില്‍ എത്തിയപ്പോള്‍ കാലിന് പരിക്കേറ്റ് യുക്രൈന്‍ താരം പിന്‍വാങ്ങി.

ഫെഡററുടെ വിംബിള്‍ഡണിലെ 85-ാം വിജയമാണിത്. ഓപ്പണ്‍ എറയിലെ റിക്കാര്‍ഡ് ഇതോടെ ഫെഡറര്‍ മറികടന്നു. ജിമ്മി കോര്‍ണറുടെ 84 മത്സരവിജയമെന്ന റിക്കാര്‍ഡാണ് 35 കാരനായ ഫെഡറര്‍ക്കുമുന്നില്‍ വഴിമാറിയത്. ബോറിസ് ബെക്കറും (71) പീറ്റ് സാംപ്രാസുമാണ് (63) ഇവര്‍ക്ക് പിന്നിലുള്ളത്.

മാര്‍ട്ടിന്‍ ക്ലിസാനെയാണ് ജോക്കോവിച്ച് മറികടന്നത്. മത്സരം 40 മിനിറ്റ് മാത്രമാണ് നടന്നത്. 6-2, 2-0 എന്ന സ്‌കോറില്‍ മാര്‍ട്ടിന്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് പിന്‍മാറി.

Top