ബാഗ്ദാദില്‍ യുഎസ് എംബസിക്ക് നേരെ കാത്യുഷ റോക്കറ്റാക്രമണം

ബഗ്ദാദ്: ബഗ്ദാദിലുള്ള യുഎസ് എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്കു സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കാറ്റാക്രമണം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്കു സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്.

ടൈഗ്രിസ് നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍. ഇവിടെ നിന്ന് വന്‍ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖില്‍ യുഎസ് വ്യോമാക്രമണത്തില്‍ വധിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.

കാത്യുഷ റോക്കറ്റാക്രമണങ്ങളാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത് എന്നാണ് വിവരം. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകള്‍ വന്നുവീഴും വിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവര്‍ത്തനം. അതിവേഗത്തില്‍ റോക്കറ്റുകളയയ്ക്കാനും സാധിക്കും.

Top