മനുഷ്യർക്ക് പകരം റോബോട്ടുകളെ സൈനിക രംഗത്ത് ഇറക്കാൻ ഇസ്രായേൽ

യുദ്ധമുന്നണിയിൽ മനുഷ്യ സൈനികരെ മാറ്റി റോബട്ട് സൈനികരെ രംഗത്തിറക്കാൻ ഇസ്രയേൽ പദ്ധതി ആവിഷ്കരിക്കുന്നു. ഇസ്രയേലിലെ പ്രതിരോധ മേഖലാ കമ്പനികളായ എൽഹിറ്റ് സിസ്റ്റംസും റോബോട്ടിക്സ് കമ്പനിയായ റോബോട്ടീമുമാണ് പദ്ധതിക്കു പിന്നിൽ. ദുർഘടമായ യുദ്ധമുഖത്ത് സൈനികർ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പദ്ധതി ഉപകരിക്കുമെന്ന് റോബോട്ടീമിന്റെ സിഇഒ ഇലാദ് ലെവി പറയുന്നു.

പദ്ധതിയുടെ ആദ്യപടിയായി റൂക്– യുജിവി എന്ന റോബട്ടിക് വാഹനമാണു നിർമിക്കുന്നത്. ആറു ചക്രങ്ങളുള്ള ഒരു കവചിതവാഹനമാണ് റൂക്ക്. വളരെ നൂതനമായ ഡിസൈനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിൽ പ്രവർത്തിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതകളാണ്. പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായതിനാൽ ഇതിനെ നിയന്ത്രിക്കാനും ഏറെ എളുപ്പമാണെന്ന് ഇസ്രയേൽ അധികൃതർ പറയുന്നു. പ്രധാനമായും യുദ്ധമുന്നണിയിൽ പോരാടുന്നവർക്ക് സേവനങ്ങൾക്കായിട്ടാണ് ഈ വാഹനം ഉദ്ദേശിക്കപ്പെടുന്നത്. പരുക്കേറ്റ സൈനികരെ യുദ്ധമുഖത്തു നിന്നു രക്ഷപ്പെടുത്തുന്നതും, ആയുധങ്ങൾ തീരുന്ന മുറയ്ക്ക് എത്തിക്കുന്നതുമെല്ലാം നിലവിൽ സൈനികർ തന്നെയാണ്. ഈ കടമ, റൂക്കിനു ചെയ്യാനാകും. ആയുധങ്ങൾ ഘടിപ്പിക്കാൻ ശേഷിയുള്ളതിനാൽ ശത്രുസേനയുമായി പോരാടാനും റൂക്കിനു കരുത്തുണ്ട്. മരുഭൂമി, കടുത്ത പാറപ്രദേശങ്ങൾ, മഞ്ഞ്, കുഴഞ്ഞ മണ്ണ് തുടങ്ങി വിഭിന്നങ്ങളായ പ്രകൃതി സാഹചര്യങ്ങളിൽ തടസ്സങ്ങളൊഴിവാക്കി മുന്നോട്ടു പോയി പോരാടാൻ റൂക്ക് സന്നദ്ധമാണ്.

നേരത്തെ തന്നെ ഇതിന്റെ കരടുമോഡലുകളായ പ്രോബോട്ട് യുജിവി വാഹനങ്ങൾ എൽഹിറ്റ് സിസ്റ്റംസും റോബോട്ടീമും പരീക്ഷിച്ചിരുന്നു. ഇതിൽ നിന്നുള്ള അനുഭവങ്ങളുടെ ബലത്തിലാണ് റൂക്ക് വികസിപ്പിച്ചെടുത്തത്. 1200 കിലോ ഭാരമുള്ള ഈ വാഹനത്തിന്റെ ഗുരുത്വ ബല കേന്ദ്രം വളരെ താഴെയായതിനാൽ ഇതിന് ആയുധങ്ങൾ ഉൾപ്പെടെ ഏറെ ഭാരം വഹിക്കാം. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ഇതിനു സഞ്ചരിക്കാനുമാകും. എട്ടുമണിക്കൂർ ഒറ്റച്ചാർജിങ്ങിൽ പ്രവർത്തിക്കുന്ന ബാറ്ററിയാണ് ഇതിന് ഊർജം നൽകുന്നത്. ടോർച്ച് എക്സ് എന്ന നിയന്ത്രണസംവിധാനം ഉപയോഗിച്ചാണ് റൂക്കിനെ നിയന്ത്രിക്കുന്നത്. ഒരാൾക്ക് തന്നെ ഒട്ടേറെ റൂക്കുകളെ ഒരേ സമയം കൺട്രോൾ സ്റ്റേഷനിലിരുന്ന് നിയന്ത്രിക്കാമെന്ന് കമ്പനി അധികൃതർ പറയുന്നു. മൂന്നു ലക്ഷം യുഎസ് ഡോളറാണ് ഓരോ റൂക്ക് യൂണിറ്റിന്റെയും വില.

പലതരം ഉപയോഗങ്ങൾക്കായി റൂക്ക് ഉപയോഗിക്കാം. പോരാടുന്ന സൈനികർക്ക് ആയുധങ്ങളെത്തിക്കാനും, പരുക്കേറ്റവരെ വഹിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാനും ഡ്രോണുകളെയും മറ്റ് ഭാരമേറിയ ആയുധങ്ങളെയും വഹിക്കാനും ഇത് ഉപകരിക്കും. 2009ലാണു റോബോടീം കമ്പനി സ്ഥാപിക്കപ്പെട്ടത്. യുഎസിലും ഇസ്രയേലിലും കമ്പനിക്ക് ബ്രാഞ്ചുകളുണ്ട്. ഇരുപതു രാജ്യങ്ങളിൽ ഇവർ റോബട്ടിക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. നോർവേ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ സൈന്യങ്ങൾ ഇവരുടെ ഉപയോക്താക്കളാണ്.

ഇസ്രയേൽ ഏയ്റോസ്പേസ് ഇൻഡസ്ട്രീസ്, റാഫേൽ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽഹിറ്റ് സിസ്റ്റംസ് എന്നീ കമ്പനികൾക്കാണ് മേഖലയിൽ ആധിപത്യം. പൊതുമേഖലാ സ്ഥാപനമായ എൽഹിറ്റ് സിസ്റ്റംസ് ഇസ്രയേൽ മിലിട്ടറി ഇൻഡസ്ട്രീസ് എന്നൊരു കമ്പനിയെ അടുത്തിടെ ഏറ്റെടുത്തതോടെ വലിയ പ്രാമുഖ്യത്തിലേക്കുയർന്നു.

Top