ജീവനക്കാരെ നിയമിക്കാന്‍ നിര്‍മിത ബുദ്ധി; പുത്തന്‍ സാങ്കേതിക വിദ്യയുമായി ഫെഡറല്‍ ബാങ്ക്

കോഴിക്കോട്: ജീവനക്കാരെ നിയമിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്.ഫെഡ്റിക്രൂട്ട് എന്ന പുതിയ ഹ്യുമന്‍ റിസോഴ്സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്.

റോബോട്ടിക് ഇന്റര്‍വ്യു, മാനസിക കഴിവുകള്‍ അളക്കല്‍, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി യന്ത്രസഹായത്തോടെ നടത്തുമെന്ന് ഫെഡറല്‍ ബാങ്ക് എച്ച്ആര്‍ ചീഫ് അജിത് കുമാര്‍ കെ.കെ വ്യക്തമാക്കി. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തില്‍മാത്രമാണ് എച്ച്ആര്‍ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്നും അധികൃതര്‍ വ്യക്തമക്കി.

ഉദ്യോഗാര്‍ഥികളുടെ വ്യക്തിത്വ സവിശേഷതകള്‍ റോബോട്ടിക് അഭിമുഖങ്ങളിലൂടെയാണ് വിലയിരുത്തുക. നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് അയയ്ക്കുന്നതോടെയാണ് നിയമനനടപടി പൂര്‍ത്തിയാകുക.നിയമന ഉത്തരവുപോലും ചാറ്റ്ബോട്ടായിരിക്കും അയയ്ക്കുക.

നടപ്പ് സാമ്പത്തികവര്‍ഷം ഒക്ടോബര്‍വരെ 350 പ്രൊബേഷണറി ഓഫീസര്‍മാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ഡിസംബറോടെ 350 പേരെകൂടി നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

Top