ക്രിക്കറ്റിൽ നിന്ന് വിരമിച്ച് റോബിൻ ഉത്തപ്പ

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് റോബിൻ ഉത്തപ്പ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 36കാരനായ താരം കളി മതിയാക്കുന്നതായി അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച് താരം ട്വിറ്ററിൽ നീണ്ട കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ദേശീയ ജഴ്സിയിൽ 46 ഏകദിനങ്ങളും 13 ടി-20കളും കളിച്ചിട്ടുള്ള ഉത്തപ്പ 2007 ടി-20 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ ചില ശ്രദ്ധേയ പ്രകടനങ്ങളും താരം നടത്തി.

2006ൽ ഇംഗ്ലണ്ടിനെതിരെയാണ് ഉത്തപ്പ രാജ്യാന്തര കരിയർ ആരംഭിച്ചത്. ഓപ്പണറായി കളത്തിലെത്തിയ ഉത്തപ്പ ആ കളിയിൽ 86 റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. പേസർമാർക്കെതിരെ നടന്നുവന്ന് ഷോട്ടുകൾ കളിക്കുന്നത് ഉത്തപ്പയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. കർണാടക സ്വദേശിയായ താരം 2019 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടിയാണ് കളിച്ചിരുന്നത്. പാതിമലയാളിയായ ഉത്തപ്പ കേരളത്തെ ഒരു സീസണിൽ നയിക്കുകയും ചെയ്തു. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പൂനെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ഐപിഎൽ ടീമുകൾക്ക് വേണ്ടിയും ഉത്തപ്പ കളിച്ചു. കൊൽക്കത്തയുടെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടയാളാണ് ഉത്തപ്പ. ടീമിനായി നിരവധി മികച്ച ഇന്നിംഗ്സുകൾ താരം കളിച്ചിട്ടുണ്ട്.

Top