നായക്കാവലിലെ കഞ്ചാവ് വില്പന വില്പന; പ്രതി റോബിന്‍ ജോര്‍ജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്

കോട്ടയം: നായക്കാവലിലെ കഞ്ചാവ് വില്പനക്കേസ് പ്രതി റോബിന്‍ ജോര്‍ജ് ഗുണ്ടാ തലവന്മാരുടെ ഉറ്റ ചങ്ങാതിയെന്ന് പൊലീസ്. ജില്ലയിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് ലഹരി എത്തിക്കുന്നത് റോബിനാണ്. റോബിനെതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കാന്‍ പൊലീസ് നിയമോപദേശം തേടി. ഇന്നലെ മീനച്ചിലാര്‍ നീന്തിക്കടന്ന റോബിന്‍ പോയത് എവിടെക്കെന്ന് കണ്ടെത്താനായില്ല. ഇന്നലെ വരെ ഒളിവില്‍ കഴിഞ്ഞത് പാറമ്പുഴയിലെ വീടിന് സമീപമാണ്.

ഇന്നലെ രാവിലെ പോലീസ് നടത്തിയ തെരച്ചിലില്‍ റോബിന്റെ ഒളിയിടം കണ്ടെത്താനായെങ്കിലും പൊലീസിനെ കണ്ട റോബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പാറാമ്പുഴയിലെ റോബിന്റെ വീടിനു സമീപത്തു നിന്നാണ് ഇന്നലെ പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇവിടെ നിന്നും മീനച്ചിലാര്‍ നീന്തി മറുകരയില്‍ എത്തിയ റോബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേ സമയം റോബിനെ അന്വേഷിച്ച് ഡോഗ് ഹോസ്റ്റലില്‍ എത്തിയ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

പൊലീസിനെ ആക്രമിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ 13 നായകളാണ് റോബിന്‍ നടത്തുന്ന പെറ്റ് ഹോസ്റ്റലില്‍ ഉള്ളത്. റോബിന്‍ നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസെത്തിയാല്‍ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിന്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നത്.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി കുമാരനല്ലൂര്‍ സ്വദേശി റോബിന്‍ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലര്‍ച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാന്‍ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പൊലീസ് സാന്നിധ്യം സംശയിച്ച റോബിന്‍ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.

Top