റോബിൻ ബസ് സർവ്വീസ് പുനഃരാരംഭിച്ചു; സർവ്വീസ് തടസപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന് ഉടമ

പത്തനംതിട്ട: റോബിന്‍ ടൂറിസ്റ്റ് ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വ്വീസ് ആണ് ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ടത്. പത്തനംതിട്ട മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം ബസ് സര്‍വ്വീസ് തുടര്‍ന്നു. സര്‍വ്വീസ് തടസപ്പെടുത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നടത്തിപ്പുകാരന്‍ റോബിന്‍ ഗിരീഷ് ആരോപിച്ചു.

കഴിഞ്ഞമാസം കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരും വഴിയായിരുന്നു തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി ബസ് പിടിച്ചെടുത്തത്. അതിനു മുമ്പുള്ള ദിവസവും മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ.പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസിനെ കഴിഞ്ഞ ദിവസമാണ് ഉടമ ഗിരീഷിന് തിരികെ കിട്ടിയത്. പിഴ അടച്ചതിനാല്‍ ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 82,000 രൂപ പിഴയായി അടച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ബസ് പത്തനംതിട്ടയില്‍ നിന്നും വീണ്ടും കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് തുടങ്ങുമെന്ന് ഉടമ പറഞ്ഞിരുന്നു.

പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് ആര്‍ടിഒയുടെ കസ്റ്റഡിയില്‍ ആയിരുന്ന റോബിന്‍ ബസ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് എംവിഡി അന്ന് പിഴ ചുമത്തിയത്. പെര്‍മിറ്റ് ലംഘിച്ചതിനായിരുന്നു കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുനല്‍കിയത്.

Top