റോബർട്ട് വദ്രയുടെ രാഷ്ട്രീയ ‘മോഹം’ കോൺഗ്രസ്സിന് വമ്പൻ തിരിച്ചടിയാകും

പ്രിയങ്ക ഗാന്ധിയുടെ മാസ്മരിക പ്രചരണം കൊണ്ടുവരുന്ന മുന്നേറ്റം ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ രാഷ്ട്രീയ പ്രവേശം തല്ലികര്‍ക്കുമോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. ഇന്ദിരാ പ്രിയദര്‍ശിനിയുടെ രൂപസാദൃശ്യമുള്ള പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയത് ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചതെങ്കില്‍ വദ്രയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറ്റുകയാണ്. ഫേസ്ബുക്കിലൂടെയാണ് വദ്ര രാഷ്ട്രീയത്തിലേക്കെന്നു നിലപാട് വ്യക്തമാക്കിയത്.

അത് ഇങ്ങനെയാണ്, ‘ഈ വര്‍ഷങ്ങളിലെ അനുഭവങ്ങളും പാഠങ്ങളും വെറുതെ കളയാനാവില്ല, കൂടുതല്‍ നല്ലതിനായി ഉപയോഗിക്കേണ്ടതുണ്ട്… ഈ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ഒരിക്കല്‍ അവസാനിക്കുമ്പോള്‍, ജനങ്ങളെ സേവിക്കുന്നതില്‍ ഞാനും പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്”ഇതിന് ശേഷം റോബര്‍ട്ട് വദ്രക്ക് മുറാദാബാദിലേക്ക് സ്വാഗതം എന്നെഴുതിയ പോസ്റ്ററുകള്‍ വ്യാപകമായാണ് പ്രചരിച്ചത്.

ഇതിന് പിന്നില്‍ വദ്രയുടെ ഇടപെടലുണ്ടെന്നാണ് കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ സംശയിക്കുന്നത്.അതേസമയം, പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ ഭര്‍ത്താവ് വദ്രക്കെതിരായ അഴിമതി കേസുകള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് പലതവണ വാധ്രയെ ചോദ്യം ചെയ്തിരുന്നു. വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യത്തിന് ആദായനികുതി വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ബ്രിട്ടനിലടക്കം വദ്രക്ക് ആഢംഭരവസതികളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കോടികളുടെ നിക്ഷേപവും മുതല്‍മുടക്കുകളുമുണ്ടെന്നതും വദ്രയെ കുരുക്കിലാക്കിയിരുന്നു.വദ്രക്കെതിരെയുള്ള കേസുകളും അന്വേഷണവുംഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും വായടപ്പിക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ബി.ജെ.പി ഇപ്പോള്‍ പയറ്റുന്നത്. കോണ്‍ഗ്രസിലെ ഈ കുടുംബാധിപത്യത്തെ കേരളത്തില്‍ സിപിഎമ്മും ആയുധമാക്കുന്നുണ്ട്.

വദ്രയുടെ ബിസിനസിലും സമ്പാദ്യത്തിലുമെല്ലാം നിഗൂഡതകള്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളില്‍ പിന്‍സീറ്റ് ഭരണം നടത്തിയത് വാധ്രയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നെഹ്‌റു കുടുംബത്തിന്റെ മരുമകനെന്ന ലേബലിലാണ് ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ വദ്ര നേടിയിരുന്നത്.പ്രിയങ്കയുടെ നിഴലായി നിന്ന് പിന്‍വാതിലിലൂടെ ലഭിച്ച ആനുകൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പരസ്യമായി നേടിയെടുക്കാനുള്ള ബിസിനസ് തന്ത്രമാണോ വദ്ര പയറ്റുന്നതെന്ന സംശയമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. രാഷ്ട്രീയത്തില്‍ കൂടി എത്തിയാല്‍ വദ്രയുടെ ഇടപെടലുകള്‍ ചെറുക്കാനാവില്ലെന്ന വിലയിരുത്തലുമുണ്ട്. യു.പിയില്‍ പ്രചരണ ചുമതലയേറ്റ പ്രിയങ്ക പകര്‍ന്നു നല്‍കുന്ന പുത്തന്‍ ആവേശം വാധ്രയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് യു.പി.എ ഘടകകക്ഷികള്‍.

ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വദ്രയെപ്പോലെയുള്ള ഒരു ബിസിനസുകാരനെ ജനങ്ങള്‍ അംഗീകരിക്കാനുള്ള സാധ്യതയും വിരളമാണ്. രാജ്യസഭയിലൂടെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നാല്‍ കോണ്‍ഗ്രസില്‍ അത് പുതിയ കലാപത്തിനും വഴിമരുന്നിടും. ഹൈക്കമാന്റില്‍ പുതിയ അധികാര കേന്ദ്രമായി വദ്ര വരുന്നതിനെ നിലവിലെ എ.ഐ.സി.സി ഭാരവാഹികള്‍ തന്നെ പരസ്യമായി എതിര്‍ക്കുമെന്നാണറിയുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ വദ്രയെ അനുനയിപ്പിച്ച് പ്രിയങ്കയുടെ നിഴലായി മാറ്റി നിര്‍ത്താനുള്ള നീക്കം തന്നെയായിരിക്കും കോണ്‍ഗ്രസ് നടത്തുക.മികച്ച പാര്‍ലമെന്റേറിയനും കോണ്‍ഗ്രസിലെ യുവ തുര്‍ക്കിയുമായിരുന്നിട്ടും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവായ ഫിറോസ് ഗാന്ധിക്ക് ഇന്ദിരയുടെ നിഴലായി മാറാനേ കഴിഞ്ഞിരുന്നുള്ളൂ.

ഭാര്യാ പിതാവായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭക്കെതിരെ പാര്‍ലമെന്റില്‍ അഴിമതി ആരോപണം ഉയര്‍ത്തിയ യുവതുര്‍ക്കിയായിരുന്നു ഫിറോസ്. ഫിറോസ് ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ നെഹ്‌റു പാര്‍ലമെന്റില്‍ കാത്തിരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വ്യക്തിപ്രഭാവമോ രാഷ്ട്രീയപരമായ കഴിവുകളോ ഒന്നുമില്ലാത്ത ബിസിനസുകാരനായ വദ്രക്ക് പ്രിയങ്കയുടെ പ്രതിഛായയെ മറികടക്കല്‍ പ്രയാസകരമാണ്. അതിനാല്‍ ഗാന്ധി കുടുംബത്തിന്റെ നിഴലായി വദ്രയെ ഒതുക്കി നിര്‍ത്താനുള്ള നീക്കം തന്നെയായിരിക്കും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും സ്വീകരിക്കുക. അല്ലാത്തപക്ഷം കോണ്‍ഗ്രസ്സിന്റെ ചരമഗീതം സോണിയയുടെ ഈ മരുമകന്റെ കൈകളാല്‍ ആയിരിക്കും എഴുതപ്പെടുക.

Top