രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്

robert-vadra

ന്യൂഡല്‍ഹി : റോബര്‍ട്ട് വാദ്രക്കെതിരായ കേസില്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്.

ഒരു കേസും ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ പലരെയും കസ്റ്റഡിയില്‍ എടുക്കുന്നത്. പലരില്‍ നിന്ന് വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങുന്നു. റോബര്‍ട്ട് വാദ്രക്കെതിരെ ഒരു കേസും ഇതുവരെയില്ലന്നും കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടീല്‍, കപില്‍ സിബല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരൊക്കയോ വധ്രയുടെ വീട്ടില്‍ വരുന്നു, പൂട്ട് തകര്‍ക്കുന്നു, പരിശോധന നടത്തുന്നു. വധ്രയുടെ വീട്ടിലെ നാല് ജീവനക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയിലിരുത്തി വിട്ടയച്ചു. ജീവനക്കാരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. ഇവര്‍ക്കെതിര എഫ് ഐആര്‍ രജിസറ്റര്‍ ചെയ്‌തെന്നും കപില്‍ സിബല്‍ പറഞ്ഞു.

എഫ് ഐ ആര്‍ പോലും ഇല്ലാതെ പലരെയും മണിക്കൂറുകള്‍ എന്‍ഫോഴ്‌സമെന്റ് ബന്ദിയാക്കിവെക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി തന്നെ ഗുണ്ടായിസം കാണിക്കുന്നു എന്നും സിബല്‍ പറഞ്ഞു.

വാദ്രയുടെ ജീവനക്കാരനായ മനോജിന്റെ അഭിഭാഷകന്‍ രാത്രിയില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി പരാതി നല്‍കിയെന്നും കോണ്‍ഗ്രസ് നേതാക്കര്‍ അറിയിച്ചു.

എല്ലാ അന്വേഷണ ഏജന്‍സികളും പ്രധാനമന്ത്രിയുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുമ്പോള്‍ സാധാരണക്കാര്‍ എന്തുചെയ്യുമെന്നും കപില്‍ സിബല്‍ പറഞ്ഞു. റോബര്‍ട്ട് വദ്രയുടെ സ്ഥാപനങ്ങളിലെ റെയ്ഡില്‍ വിശദീകരണം നടത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.

Top