കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു ; പ്രതികാര ബുദ്ധിയോടെ ഉപദ്രവിക്കുന്നതെന്തിന്ന് വദ്രയുടെ ചോദ്യം

ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ റോബര്‍ട്ട് വദ്രയും അമ്മ മൗറീനും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് ജയ്പൂരിലെ ഓഫീസില്‍ വച്ച് ഇരുവരെയും ചോദ്യം ചെയ്തത്. പ്രിയങ്ക ഗാന്ധിയും ഇവരോടൊപ്പം എത്തിയിരുന്നു. ജയ്പൂര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ തിങ്ങിക്കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവല്‍ക്കാരന്‍ കള്ളനാണ്, പ്രിയങ്ക ഗാന്ധി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവരെ സ്വീകരിച്ചത്.

ഇത് നാലാം തവണയാണ് റോബര്‍ട്ട് വദ്ര എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാവുന്നത്. കമ്പനിയില്‍ സഹ ഉടമയായ മൗറീനോടും ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുകയാണെന്ന് റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിന് ശേഷം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘എഴുപത്തഞ്ച് വയസ്സുള്ള അമ്മയോടൊപ്പമാണ് താന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്തിയിരിക്കുന്നത്. മകളും മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു പ്രായമായ സ്ത്രീയെ പ്രതികാര ബുദ്ധിയോടെ ഉപദ്രവിക്കുന്നത് എന്തിനാണെന്നും, ഇതിന് പിന്നിലെ ലക്ഷ്യമെന്തെന്ന് മനസ്സിലാവുന്നില്ലെന്നും വദ്ര പറയുന്നു. മൂന്ന് മരണങ്ങള്‍ക്ക് ശേഷം അമ്മയോട് ആവശ്യപ്പെട്ടത് തന്റെ ഒപ്പം ഓഫീസില്‍ വരാനാണ്. അമ്മയെ നന്നായി പരിചരിക്കാനും ഞങ്ങള്‍ക്ക് പരസ്പരം ദുഖങ്ങളില്‍ പങ്കുചേരാനുമായിരുന്നു ഇത്. അതിന്റെ പേരില്‍ അമ്മയിപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ദൈവം ഞങ്ങളോടൊപ്പമുണ്ട്’ _ റോബര്‍ട്ട് ഫെയ്സ്ബുക്കില്‍ കുറിച്ചു.

Top