രാഹുല്‍ ഗാന്ധി മുതലക്കണ്ണീര്‍ പൊഴിയ്ക്കുന്നു; വിമര്‍ശനവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത ആളാണ് രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ്, എന്നിട്ട് പിന്തുണ കിട്ടാന്‍ വേണ്ടി രാഹുല്‍ മുതലക്കണ്ണീര്‍ പൊഴിയ്ക്കുന്നു എന്ന രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുല്‍ എന്നാണ് സ്മൃതിയുടെ വിമര്‍ശനം. അമേഠിയിലെ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്മൃതിയെത്തിയത്.

‘പച്ചക്കള്ളമാണ് രാഹുല്‍ കര്‍ഷകരോട് പറയുന്നത്. ഇല്ലാത്തത് പറഞ്ഞ് അവരെ വഴിതെറ്റിക്കുകയാണ് അയാള്‍. പിന്തുണ കിട്ടാന്‍ വേണ്ടി മുതലക്കണ്ണീരും പൊഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് രാഹുലിന്റെ സഹോദരിയുടെ ഭര്‍ത്താവ്. അതേപ്പറ്റി ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറല്ല’ സ്മൃതി ഇറാനി പറഞ്ഞു.

നേരത്തെ കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. യു.പിയിലെ ഭാഗ്പട്ടിലെ കര്‍ഷക സംഘടനകള്‍ കര്‍ഷക നിയമത്തിന് അനുകൂലമായി മന്ത്രിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

‘കേന്ദ്രം പാസാക്കിയ കര്‍ഷകനിയമങ്ങളെ പിന്തുണച്ച് ഭാഗ്പട്ടിലെ കര്‍ഷകര്‍ കത്ത് നല്‍കിയിരിക്കുകയാണ്. എത്ര തന്നെ സമ്മര്‍ദ്ദമുണ്ടായാലും കര്‍ഷക നിയമങ്ങള്‍ പാസാക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്’, തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു തോമറിന്റെ രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്നും ഇത്തരമൊരു നിയമം ഉണ്ടാക്കിയിരിക്കുന്നത് നാലോ അഞ്ചോ ബിസിനസുകാര്‍ക്ക് വേണ്ടിയാണെന്നും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച രാഹുല്‍ ഗാന്ധി പറഞ്ഞു.

Top