കണ്ടില്ലേ ഇതാണ് അവസ്ഥ, ഞങ്ങളുടെ സുരക്ഷ ആര് നോക്കും? കേന്ദ്ര സര്‍ക്കാരിനെതിരെ വദ്ര

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. പ്രിയങ്കയുടെ ലോധി എസ്റ്റേറ്റിലെ വയതിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് പ്രതികരണവുമായി വദ്ര രംഗത്തെത്തിയത്.

പ്രിയങ്കയുടെ വസതിയിലേക്ക് ഒരു സംഘം കാര്‍ ഓടിച്ച് കയറ്റി പ്രശ്‌നമുണ്ടാക്കിയിരുന്നു. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ചംഗ സംഘമാണ് പ്രിയങ്കയുടെ വീട്ടിലേക്ക് എത്തിയത്. പൂന്തോട്ടത്തിലേക്ക് നടന്നെത്തിയ സംഘം പ്രിയങ്കയ്ക്കൊപ്പം ഫോട്ടോ എടുക്കണം ആവശ്യപ്പെടുകയും യുപിയില്‍ നിന്ന് ചിത്രം എടുക്കാനായി മാത്രമാണ് ഇത്രയും ദൂരം താണ്ടി എത്തിയതെന്നും അറിയിക്കുകയും ചെയ്തു.

പ്രിയങ്കയുടെ അല്ലെങ്കില്‍ തന്റെയും മക്കളുടെയുമോ ഗാന്ധി കുടുംബത്തിന്റെയോ സുരക്ഷയുടെ കാര്യം മാത്രമല്ല പറയുന്നത്. രാജ്യത്തെ പൗരന്മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ സുരക്ഷിതരല്ല. രാജ്യത്താകമാനം അവര്‍ സുരക്ഷാ വെല്ലുവിളി നേരിടുകയാണെന്നും റോബര്‍ട്ട് വാദ്ര ഫെയ്‌സ് ബുക്കില്‍ കുറിച്ചു. മാത്രമല്ല രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സ്വന്തം രാജ്യത്ത്, വീട്ടില്‍, റോഡില്‍, പകലും രാത്രിയും സുരക്ഷിതരല്ലെങ്കില്‍ എവിടെയാണ് എപ്പോഴാണ് സുരക്ഷിതരാവുകയെന്നും അദ്ദേഹം ചോദിച്ചു.

സോണിയയുടേയും രാഹുലിന്റെയും പ്രിയങ്കയുടെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന ഈ സംഭവം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Top