കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ . . ഭരിക്കുക പ്രിയങ്കയുടെ ഭർത്താവാകും !

ഴിമതിയുടെ കൂത്തരങ്ങായി രാജ്യത്തെ മാറ്റാനാണോ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ അധികാരത്തിലേറ്റേണ്ടത് ? ജനങ്ങളുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിനുണ്ട്. .

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസ് നിലനില്‍ക്കുന്നതല്ലങ്കില്‍ റദ്ദാക്കാന്‍ വാദ്രക്ക് നീതിപീഠത്തെ സമീപിക്കാമായിരുന്നു. എന്നാല്‍ ആ നീക്കം തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇപ്പോഴത്തെ ജാമ്യമെടുക്കല്‍.

ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് റോബര്‍ട്ട് വാദ്ര പുതിയ കേസില്‍ അകപ്പെട്ടത്. എന്‍ഫോഴ്സ് മെന്റ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാമെന്ന വാദ്രയുടെ ഉറപ്പിലാണ് ഇപ്പോഴത്തെ താല്‍ക്കാലിക ജാമ്യം. ഈ കേസുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധിയുടെ ഈ ജീവിത പങ്കാളി എന്ന് നാം ഓര്‍ക്കണം.

കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ എങ്ങനെ കേന്ദ്ര ഏജന്‍സികള്‍ക്ക് സത്യസന്ധമായ അന്വേഷണം തുടരാന്‍ കഴിയും? കോടതിയില്‍ ചാര്‍ജ് ഷീറ്റ് കൊടുക്കാന്‍ കഴിയും ? സാക്ഷികള്‍ക്ക് നിര്‍ഭയമായി എങ്ങനെ മൊഴി നല്‍കാന്‍ കഴിയും ? ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണിത്.

1.9 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ റോബര്‍ട്ട് വാദ്ര ലണ്ടനില്‍ വസ്തു വാങ്ങിയത്.

ഗുഡ്ഗാവില്‍ വാദ്ര ഉള്‍പ്പെട്ട ഭൂമിയിടപാടിലും ക്രമക്കേടുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
3.53 ഏക്കര്‍ ഭൂമിയിടപാടില്‍ കൃത്രിമരേഖകള്‍ ഉപയോഗിച്ചു വന്‍തുക സമ്പാദിച്ചെന്നാണ് റോബര്‍ട്ട് വാദ്രക്കെതിരായ മറ്റൊരു ആരോപണം. ഇടപാടുകള്‍ക്ക് ഹരിയാന നഗരാസൂത്രണ വകുപ്പു കൂട്ടുനിന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിലെ കൊയ്ലാട് ഏരിയയിലെ 69 ഏക്കര്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് കേസ്.

ബിക്കാനീര്‍ ഭൂമി ഇടപാടിന് വ്യാജ ആധാരം ഉപയോഗിച്ചെന്ന് തഹസില്‍ദാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 2015ലാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഈ കേസുകളെല്ലാം അട്ടിമറിക്കപ്പെടുമെന്ന് മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരോട് പക പോക്കല്‍ നടത്താന്‍ വരെ കോണ്‍ഗ്രസ്സ് ഭരണം കേന്ദ്രത്തില്‍ വന്നാല്‍ സാധ്യതയുണ്ട്.

പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി മുഖ്യ പ്രചരണ ചുമതലയില്‍ നിയോഗിക്കുന്നതോടെ കോണ്‍ഗ്രസ്സില്‍ വാദ്രയുഗമാണ് ആരംഭിക്കുന്നത്.


കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരെ തീരുമാനിക്കുന്നതിലും വകുപ്പുകള്‍ നല്‍കുന്നതിലും എല്ലാം വാദ്രയുടെ ഇടപെടലുണ്ടാകും. ഇത് കുടുംബവാഴ്ചയിലാണ് രാജ്യത്തെ കൊണ്ട് ചെന്നെത്തിക്കുക.

അധികാരം ലഭിച്ച കാലഘട്ടത്തില്‍ എന്താണ് കോണ്‍ഗ്രസ്സ് കാണിച്ച് കൂട്ടിയതെന്നത് കഴിഞ്ഞ യു.പി.എ ഭരണം മാത്രം വിലയിരുത്തിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഗാന്ധി കുടുംബത്തില്‍ കയറിപ്പറ്റി വാദ്ര കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ഇടപെടലുകളില്‍ അതൃപ്തിയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ പോലും നിശബ്ദരായിരുന്നു. ഡല്‍ഹിയുടെ തൊട്ടടുത്ത ഹരിയാന മുതല്‍ കോണ്‍ഗ്രസ്സ് ഭരിച്ച നിരവധി സംസ്ഥാനങ്ങളിലേക്കും വാദ്രയുടെ കൈകള്‍ നീണ്ടതും ഒടുവില്‍ കുരുക്കിലായതും നാം കണ്ടതാണ്. ആ ചരിത്രത്തിന്റെ ആവര്‍ത്തനമല്ല, ഭീകരമായിരിക്കും ഇനി ഒരവസരം വാദ്രക്ക് ലഭിച്ചാല്‍ ഉണ്ടാവുക എന്ന് നാം ഓര്‍ക്കണം.

റോബര്‍ട്ട് വാദ്ര എന്ന ബിസിനസ്സുകാരന് രാജ്യതാല്‍പ്പര്യമല്ല സ്വന്തം താല്‍പ്പര്യമാണ് വലുത്. പ്രിയങ്കയെ മുന്‍ നിര്‍ത്തി ഇയാള്‍ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതം തന്നെ രാജ്യത്ത് സൃഷ്ടിക്കും. ഇതിനുള്ള അവസരം സൃഷ്ടിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ പ്രബുദ്ധരായ വോട്ടര്‍മാരാണ്.

team express kerala

Top