റോബര്‍ട്ട് വദ്രയെ ‘പൂട്ടാന്‍’ കേന്ദ്ര നീക്കം, നെഹ്‌റു കുടുംബം വലിയ ആശങ്കയില്‍ . .

റോബര്‍ട്ട് വദ്രക്ക് ഇനി പ്രണബ് മുഖര്‍ജി രക്ഷകനാകുമോ ? വദ്ര ഉള്‍പ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് പിടിമുറുക്കിയ സാഹചര്യത്തില്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ പ്രണബ് മുഖര്‍ജിയിലേക്കാണ്.

മുന്‍ കോണ്‍ഗ്രസ്സ് നേതാവായ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കുന്നതിന് മുന്‍കൈ എടുത്തത് സോണിയാ ഗാന്ധി ആയിരുന്നു. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലെ രണ്ടാമനായും അദ്ദേഹം തിളങ്ങിയിരുന്നു.

രാഷ്ട്രപതി ആയ ശേഷം പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയത് രാഷ്ടീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരുന്നു.ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ പോലും അമ്പരിപ്പിച്ച അഭിപ്രായപ്രകടനമായിരുന്നു ഇത്. പ്രണബ് മുഖര്‍ജിയുടെ ഈ കാവി അടുപ്പം ആപത്ത് കാലത്ത് നെഹറു കുടുംബത്തിന് ഗുണകരമാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന ഭയത്തിലാണ് നെഹ്റു കുടുബം.

ചികിത്സക്കായി വിദേശത്ത് പോകുന്നതിന് പാസ് പോര്‍ട്ട് വിട്ടുകിട്ടാന്‍ വദ്ര കോടതിയെ സമീപിച്ചത് തന്നെ അറസ്റ്റ് ഭയന്നാണെന്നാണ് സൂചന.

മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടു മുന്‍പായിരുന്നു നാടകീയമായ ഈ നീക്കം. വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി വേണമെന്നതായിരുന്നു വദ്രയുടെ അപേക്ഷ.

കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലാണ് അദ്ദേഹം രോഗാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. വന്‍കുടലില്‍ മുഴയുണ്ടെന്നും വിദഗ്ദ ചികിത്സക്കായി ലണ്ടനില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വദ്ര കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

കേസിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും എന്നാലേ ചികിത്സയ്ക്കായി ലണ്ടനില്‍ പോകാനാകൂവെന്നുമാണ് വദ്രയുടെ അപേക്ഷയില്‍ പറയുന്നത്. വദ്രയുടെ അപേക്ഷയില്‍ ഡല്‍ഹി കോടതി ജൂണ്‍ മൂന്നിന് തീരുമാനമെടുക്കും.

ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് വദ്രയുടെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നും ഇത് അന്വേഷണത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, വദ്രയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായാണ് എതിര്‍ത്തത്.

മെയ് 13-ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് വദ്രയുടെ അഭിഭാഷകന്‍ ഹാജരാക്കിയതെന്നും ഇത്രയും ഗുരുതരമായ രോഗമാണെങ്കില്‍ എന്തുകൊണ്ട് നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചോദിച്ചിരുന്നു. ഒരു വിട്ട് വീഴ്ചയ്ക്കും ഇല്ലെന്ന നിലപാടാണ് ഇതിലൂടെ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. വദ്രയ്ക്കെതിരെ മറ്റ് കേന്ദ്ര ഏജന്‍സികളും പിടിമുറുക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ കണ്ണുകളും പ്രണബ് മുഖര്‍ജിയിലേക്ക് തിരിയുന്നത്.

വദ്രയ്ക്കെതിരായ നീക്കങ്ങള്‍ ഉന്നത കേന്ദ്രങ്ങളുടെ അറിവോടെയായതിനാല്‍ അത്തരത്തിലുള്ള ഇടപെടലുകള്‍ തന്നെ വദ്രയ്ക്ക് വേണ്ടി നടത്തിയില്ലെങ്കില്‍ കൈ വിട്ട് പോകുമോയെന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് മോദിയുമായും ആര്‍ എസ് എസ് മേധാവിയുമായും അടുപ്പമുള്ള പ്രണബ് മുഖര്‍ജിയുടെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നത്.

എന്‍ഫോഴ്സ്മെന്റ് നടപടി തടയുന്നതിന് പ്രണബ് മുഖര്‍ജിയുടെ സഹായം നെഹറു കുടുംബം തേടുമോ ? പ്രണബ് ഇക്കാര്യത്തില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിപ്പോള്‍ ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ തേടുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് നരേന്ദ്ര മോദി പ്രണബ് മുഖര്‍ജിയെ വസതിയിലെത്തി കണ്ട് അനുഗ്രഹം വാങ്ങിയതും ശ്രദ്ധേയമായിരുന്നു.

കാവല്‍ക്കാരന്‍ കള്ളനെന്ന് വിളിച്ച് നിരന്തരം മോദിയെ അധിക്ഷേപിച്ച രാഹുലിന്റെ നടപടിയാണ് ബി.ജെ.പിയെ ഏറെ പ്രകോപിപ്പിച്ചത്. കളങ്കിതനെ കുടുംബത്ത് നിലനിര്‍ത്തി ഇത്തരം അഭിപ്രായ പ്രകടനം നടത്തരുതെന്നതായിരുന്നു ബിജെപി ഇതിന് മറുപടി നല്‍കിയിരുന്നത്. വദ്രയ്ക്കെതിരായ നടപടി വേഗത്തിലാക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

വദ്രയിലൂടെ പക വീട്ടാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്ന ഭയമാണ് നെഹറു കുടുംബത്തിനുള്ളത്.അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഗുരുതരമായ ആരോപണമാണ് വദ്രക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് പ്രിയങ്ക ഗാന്ധിക്കൊപ്പം വദ്ര എത്തിയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Political Reporter

Top