Robert vadra facebook post

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് താന്‍ എന്നും ഉപയോഗിക്കപ്പെടുന്നതെന്ന് അനധികൃത ഭൂമി ഇടപാട് കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വധേരയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ ഒന്നും സര്‍ക്കാരിന് തെളിയിക്കാന്‍ കഴിയില്ലെന്നും വധേര പോസ്റ്റില്‍ പറയുന്നു.

‘തെളിവുകള്‍ ഇല്ലാതെ അവര്‍ക്കൊന്നും തെളിയിക്കാന്‍ സാധിക്കില്ല. ഇവിടെ തെളിയിക്കാനും ഒന്നുമില്ല. പത്തുവര്‍ഷമായി സര്‍ക്കാര്‍ തനിക്കെതിരെ അടിസ്ഥാനമില്ലാത്ത വ്യാജ കുറ്റാരോപണങ്ങള്‍ നടത്തുന്നു.’ വധേര പോസ്റ്റില്‍ പറയുന്നു.

ഹരിയാനയിലെ ഭൂമിയിടപാടു കേസുകള്‍ പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് എസ്.എന്‍ ദിംഗ്‌ര കമ്മീഷന്‍ അവരുടെ അന്വേഷണങ്ങള്‍ പൂര്‍ത്തീകരിച്ചു എന്ന് അറിയിച്ചതിനു പിന്നാലെയാണ് വധേരയുടെ പോസ്റ്റ് വന്നിരിക്കുന്നത്.

അന്വേഷണ സമയത്ത് വധേരയോട് കമ്മിഷനു മുന്നില്‍ ഹാജരാകണമെന്ന ആവശ്യങ്ങളൊന്നും ഉണ്ടായിട്ടില്ല.

‘ഞാനെന്നും രാഷ്ട്രിയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുകയാണ്. എന്നാല്‍ എല്ലാ സമയത്തെ പോലെയും എനിക്കെതിരെ സൃഷ്ടിച്ചിരിക്കുന്ന അനാവശ്യ ധാരണകളെ കീഴടക്കുന്ന സത്യത്തിനൊപ്പം തലയുയര്‍ത്തി തന്നെ ഞാന്‍ നടക്കും.’ വധേര പോസ്റ്റില്‍ പറയുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പിലും വധേരയുടെ ഭൂമി ഇടപാട് ബി.ജെ.പി പ്രധാന പ്രചരണ വിഷയമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 2015 മെയില്‍ അന്വേഷണത്തിനായി ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ദിംഗ്‌ര കമ്മീഷനെ നിയമിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Top