റോബര്‍ട്ട് വദ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശിച്ച് ഇ ഡി

ന്യൂഡല്‍ഹി: അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് കൂടിയായ വദ്ര ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ പതിനേഴുകോടിയോളം രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് കേസ്.

വിചാരണക്കോടതി അനുവദിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് വദ്ര ഇപ്പോഴുള്ളത്. എന്നാല്‍ ഈ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ ഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂലായ് 17നു മുമ്പ് മറുപടി സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തിങ്കളാഴ്ച വദ്രയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് ഒമ്പതാമത്തെ തവണയാണ് വദ്രയെ ചോദ്യം ചെയ്യലിനായി ഇ ഡി വിളിപ്പിക്കുന്നത്.

Top