ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ റഷ്യന്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്ന് ട്രംപ്

ന്യൂജേഴ്‌സി: ട്രംപ് ടവറില്‍ വച്ച് മൂത്ത പുത്രന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ റഷ്യന്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍ കക്ഷിയുടെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസെല്‍നിസ്‌കയെ മകന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും, എന്നാല്‍ കൂടിക്കാഴ്ച നിയമപരവും രാഷ്ട്രീയത്തില്‍ എല്ലായ്‌പോഴും നടക്കുന്നതുമാണെന്നും ട്രംപ് വിശദീകരിച്ചു.

ട്രംപ് ജൂനിയറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നതെല്ലാം വ്യാജ വാര്‍ത്തയാണ്. ഇത് എതിര്‍ കക്ഷിയെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണ്. പൂര്‍ണമായും നിയമപരവും രാഷ്ട്രീയത്തില്‍ എവിടെയും എല്ലായ്‌പ്പോഴും നടക്കുന്നതാണെന്നും ട്രംപ് ട്വീറ്റിലൂടെ വ്യക്തമാക്കി.

എന്നാല്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ട്രംപ് വിശദീകരണം നല്‍കിയിട്ടുണ്ട്.

യു.എസ് നിയമ പ്രകാരം സംഭാവനയോ, വിലപിടിപ്പുള്ള വസ്തുക്കളോ, പ്രചാരണത്തിനായി വിദേശികളില്‍ നിന്ന് സ്വീകരിക്കുന്നത് നിയമപരമല്ല. 2016 ജൂണില്‍ ട്രംപ് ജൂനിയറും നതാലിയ വെസെല്‍നിസ്‌കയയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച റോബര്‍ട്ട് മുള്ളറുടെ റഷ്യന്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രംപുമായി ബന്ധപ്പെട്ടവര്‍ റഷ്യക്കാരെ ഏകീകരിച്ച് തെരഞ്ഞെടുപ്പില്‍ ഇടപെടാനോ സൈബര്‍ ഹാക്കിങ്ങിനോ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കൂടിക്കാഴ്ച നിയമപ്രകാരം തെറ്റല്ലെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗം നടത്തുന്നതിനും ,വിദേശികളെ പ്രചരണത്തിന് ഉപയോഗിക്കുന്നതും ,അമേരിക്കയില്‍ അനുവദനീയമാണെന്നും പ്രസിഡന്റിന്റെ അറ്റോര്‍ണി വിശദീകരിച്ചു.

Top