ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥന; ഒടുക്കം അടിച്ചുമാറ്റിയത് ദേവിയുടെ വെള്ളിക്കിരീടം, വീഡിയോ വൈറല്‍

ഹൈദരാബാദ്: ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ച് ദേവിയുടെ വെള്ളിക്കിരീടം മോഷ്ടിക്കുന്ന കള്ളന്റെ വീഡിയോ വൈറലാകുന്നു. മിനിറ്റുകളോളം ദേവിയുടെ വിഗ്രഹത്തിനു മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച കളളന്‍ താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറഞ്ഞ് പ്രായശ്ചിത്തമായി പല തവണ ഏത്തമിടുന്നതും കാണാം. പിന്നീട് മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യമായതോടെ ദേവിയുടെ ശരിസ്സില്‍ ചാര്‍ത്തിയിരുന്ന വെള്ളിക്കിരീടം എടുത്ത് ഷര്‍ട്ടിനുള്ളില്‍
ഒളിപ്പിച്ച് പുറത്തേക്ക് കടക്കുകയായിരുന്നു.

ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകിട്ട് 6.20 ഓടെയാണ് സംഭവം അരങ്ങേറിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. മോഷണം പോയ 35 തോല തൂക്കമുള്ള വെള്ളിക്കിരീടത്തിന് 10,000 രൂപയോളം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

മോഷണ സമയത്ത് പൂജാരിയടക്കം ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. ക്ഷേത്രത്തിനു പുറത്തുവച്ചിരിക്കുന്ന ബൈക്കില്‍ കയറി ഇയാള്‍ വേഗത്തില്‍ പോകുന്ന ദൃശ്യം പുറത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അബിദ്‌സ് ഇന്‍സ്‌പെക്ടര്‍ സുന്ദല രവി കുമാര്‍ പറഞ്ഞു.

മോഷണ വിവരം അറിഞ്ഞ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിസിടിവിയില്‍ നിന്നും കള്ളനെ തിരിഞ്ഞറിഞ്ഞ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Top